കരിപ്പൂർ:അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 14 സൗദി സർവീസുകൾ മുടങ്ങിയ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് ആശ്വാസമായി സൗദി എയർലൈൻസ് നേരിട്ടുള്ള ദമാം – കരിപ്പൂർ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. ഈ പ്രത്യേക സർവീസുകൾ ഇന്നു മുതൽ ആരംഭിക്കുമെന്നാണ് കരുതുന്നത്.
എയർബസ് എ-321 വിഭാഗത്തിൽപ്പെട്ട വിമാനമാണ് ഈ സർവീസിനായി സൗദി എയർലൈൻസ് ഉപയോഗിക്കുക. സൗദി സമയം ഉച്ചയ്ക്ക് 1:00-ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 8:45-ന് കരിപ്പൂരിൽ എത്തും. തിരികെ രാത്രി 9:55-ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് സൗദി സമയം രാത്രി 12:35-ന് ദമാമിൽ എത്തിച്ചേരും.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകശ എയർ തുടങ്ങിയ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തലാക്കിയിരിക്കുകയാണ്. റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ച സാഹചര്യത്തിൽ അവിടെയുള്ള പ്രവാസികൾ ബഹ്റൈൻ, ഒമാൻ, ഖത്തർ തുടങ്ങിയ അയൽ രാജ്യങ്ങൾ വഴിയാണ് നിലവിൽ നാട്ടിലേക്ക് മടങ്ങുന്നത്.പുതിയ ദമാം ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ റിയാദിൽ നിന്നുള്ളവർക്കും കേരളത്തിലേക്ക് മടങ്ങാൻ വലിയ ആശ്വാസമാകും.
അതിനിടെ, പ്രമുഖ എയർലൈനായ ഫ്ളൈനാസ് ദമാമിൽ നിന്ന് മുംബൈയിലേക്കും ഡൽഹിയിലേക്കും പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദമാമിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം രാത്രി 8:55-ന് പുറപ്പെട്ട് പുലർച്ചെ 3:05-ന് എത്തും (ഒക്ടോബർ , 21, 23 തീയതികളിൽ).തിരികെ മുംബൈയിൽ നിന്ന് ദമാമിലേക്ക് പുലർച്ചെ 4:00-നാണ് സർവീസ് (ഒക്ടോബർ 19, 22, 24 തീയതികളിൽ).
ഡൽഹിയിൽ നിന്ന് ദമാമിലേക്കുള്ള ഫ്ളൈനാസ് വിമാനം പുലർച്ചെ 4:15-ന് പുറപ്പെടും (ഒക്ടോബർ 19, 20, 22, 25 തീയതികളിൽ). ദമാമിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം രാത്രി 8:20-ന് പുറപ്പെടും (ഒക്ടോബർ 19, 21, 24 തീയതികളിൽ).
