പരിയാരം ഗവൺമെൻ്റ് ഹൈസ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

പരിയാരം:ഒരു നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ പാരമ്പര്യവും ചരിത്രവും ആഘോഷമാക്കി ഗവൺമെന്റ് ഹൈസ്കൂൾ പരിയാരത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് സി പി ,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ നസീമ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർമാരായ നീലിക്കണ്ടി സലാം, ശശി പന്നിക്കുഴി, മുട്ടിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷീദ്.കെ.വി, വാർഡ് മെമ്പർ ഷമീന ഷാജി , എസ് എം സി ചെയർമാൻ അബ്ദുൽ നിസാർ എൻ, മദർ പി ടി എ പ്രസിഡൻ്റ് ലൈല ഇസ്‌മായിൽ , പി ടി എ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം ആലമ്പാറ, സ്‌കൂൾ ലീഡർ മുഹമ്മദ് നിഹാൽ പി എം എന്നിവർ ആശംസകളർപ്പിച്ചു.

 

പ്രധാനാധ്യാപകൻ സുമിത് ശ്രീധർ റിപ്പോർട്ട് അവതരണം നടത്തുകയും പി ടി എ പ്രസിഡൻ്റ് ലത്തീഫ്.കെ.എം സ്വാഗതഭാഷണം നിർവ്വഹിക്കുകയും ചെയ്ത ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി. അഷ്റഫ് 100 ഇന പരിപാടികളുടെ അവതരണം നടത്തുകയും , സ്റ്റാഫ് സെക്രട്ടറി വിനീത ജോസഫ് നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.ചടങ്ങിൽ ഒട്ടേറെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളും, അധ്യാപകരും, വിദ്യാർത്ഥികളും, പൂർവ്വഅധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും, മുൻകാല പി ടി എ ഭാരവാഹികളും, രക്ഷിതാക്കളും നാട്ടുകാരും പൊതുജനങ്ങളും പങ്കെടുത്തു.

 

സ്കൂളിന്റെ നൂറുവർഷത്തെ വിദ്യാഭ്യാസ പാരമ്പര്യത്തെ അനുസ്മരിച്ച മന്ത്രി, വരുംതലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തേകുന്ന സ്കൂളിന്റെ സ്വപ്ന പദ്ധതിയുടെ പ്രഖ്യാപനവും നടത്തി. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് പുതിയ അധ്യായം തുറക്കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. കളിസ്ഥലമില്ലാതെ പ്രയാസപ്പെടുന്ന പരിയാരം സ്‌കൂളിനൊരു ടർഫ് നിർമ്മിക്കാനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികളുടെ ഗാനങ്ങളും നൃത്തങ്ങളും മറ്റ് കലാപരിപാടികളും നിറഞ്ഞ കലാസന്ധ്യ സദസ്സിന്റെ ശ്രദ്ധ നേടി.

 

ചടങ്ങിൽ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ നേടിയ വിദ്യാർത്ഥി മിസാൻ ഇംറാൻ , ഉപജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് വിജയിയായ വിദ്യാർത്ഥി മുഹമ്മദ് ഇബാദ് , ശതാബ്ദി ആഘോഷ ലോഗോ ഡിസൈൻ ചെയ്ത സാൻ്റോഫ് ഇ ജോർജ്, ശതാബ്ദി ആഘോഷങ്ങൾക്ക് ലുമോറ എന്ന നാമം നിർദ്ദേശിച്ച അബു കൊല്ലാഞ്ചേരി, സ്വാഗത ഗാനം രചിച്ച അധ്യാപിക സബ്‌ന രാഗേഷ് എന്നിവരെ ആദരിച്ചു.  മനസ്സിനെ തൊട്ടറിയാനായി മെന്റലിസ്റ്റ് സിനാനും , ഗാന വിരുന്നുമായി സ്റ്റാർ വോയ്സ് വയനാടും ചടങ്ങിന്റെ മാറ്റുകൂട്ടി..

 

ഒരു നൂറ്റാണ്ട് പിന്നിട്ട പരിയാരം ഗവൺമെന്റ് ഹൈസ്കൂൾ പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ മികവോടെ മുന്നേറാനുള്ള പ്രതിജ്ഞയോടെയാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. മന്ത്രി പ്രഖ്യാപിച്ച സ്വപ്‌ന പദ്ധതിയായ സ്‌കൂളിനൊരു കളിസ്ഥലം ഉൾപ്പെടെ ഇരുപതോളം പ്രൊജക്റ്റുകളുടെ സാക്ഷാൽക്കാരവും ഇതിലൂടെ ലക്ഷ്യം വെക്കുന്നതായി സംഘാടകർ അറിയിച്ചു.വിപുലമായ സംഘാടക സമിതി സബ്കമ്മിറ്റി അംഗങ്ങളുടെ അശ്രാന്ത പരിശ്രമ ഫലമായി പൂർവകാലത്തിന്റെ അഭിമാനവും ഭാവിയുടെ പ്രതീക്ഷകളും ഒത്തുചേർന്ന ആഘോഷമായി നൂറാം വാർഷിക ഉദ്ഘാടനച്ചടങ്ങ് മാറി.

 

ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ, മുതിർന്ന പൗരന്മാൻ എന്നിവരെ ഉൾകൊള്ളിച്ചുകൊണ്ട് വിവിധ കലാകായിക മത്സരങ്ങൾ , ഫാമിലി ഗ്രൂപ്പ് പ്രശ്‌നോത്തരി, പൂർവ്വ വിദ്യാർത്ഥി മെഗാസംഗമം, പൂർവ്വ അധ്യാപക സംഗമം, പൊതു ജനസമ്പർക്ക പരിപാടികൾ, നേത്രപരിശോധനാ ക്യാമ്പ്, ദന്ത പരിശോധനാ ക്യാമ്പ് , രക്ത നിർണ്ണയ ക്യാമ്പ്, പുസ്‌തക ചർച്ചകൾ, പുസ്‌തകമേള, കരിയർ ഗൈഡൻസ്, കഥയരങ്ങ്, ഗോത്ര ഫെസ്റ്റ്, ഗോത്ര ഭക്ഷണരീതി പരിചയപ്പെടൽ, ഫിലിം ഫെസ്റ്റ്, അമേച്ചർ നാടക മത്സരം, വിദ്യാഭ്യാസ സെമിനാറുകൾ, എ ഐ സാങ്കേതികവിദ്യ പരിചയപ്പെടൽ, സയൻസ് സെമിനാറുകൾ, സയൻസ് ഫോറങ്ങൾ, ഐ ടി റോബോട്ടിക് പ്രോജക്ടുകൾ, ലഹരി വിരുദ്ധ ക്യാമ്പയിനുകൾ, റോഡ് സുരക്ഷാ ബോധവൽക്കരണം, ഡിസാസ്റ്റർ മാനേജ്മെൻറ് പരിശീലനം, കുട്ടികൾക്ക് ശാരീരികവും മാനസികവുമായ പിന്തുണ പ്രവർത്തനങ്ങൾ, ഞാനും എൻ്റെ സ്കൂളും,സ്കൂൾ ആണ് എൻ്റെ വീട് തുടങ്ങിയ നൂറോളം വ്യത്യസ്തമായ കർമ്മപരിപാടികൾ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളുമായുള്ള ആശയവിനിമയം, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, മുട്ടിൽ പരിയാരം സാഹിത്യോത്സവ് , കലാകായിക മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!