സൗദിയിൽ വ്യോമാക്രമണ ഭീഷണി; റിയാദ് വിമാനത്താവളം അടച്ചു; അമേരിക്കൻ എംബസിയുടെ ജാഗ്രതാ നിർദേശം

റിയാദ്: സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ദൗത്യസംഘം. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പാക്കിയശേഷം മാത്രം യാത്ര പുറപ്പെടണമെന്നും എംബസി നിർദേശിച്ചു. വിമാനത്താവളങ്ങൾ അടച്ചിടുന്നതിനും സർവീസുകൾ റദ്ദാക്കുന്നതിനും യാത്രകൾ തടസ്സപ്പെടുന്നതിനും സാധ്യതയുണ്ടെന്നും ഒക്ടോബർ 18-ന് പുറത്തിറക്കിയ സുരക്ഷാ അറിയിപ്പിൽ വ്യക്തമാക്കുന്നു. കലണ്ടർകാണുക

 

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതായാണ് അമേരിക്കൻ എംബസിയുടെ അറിയിപ്പ്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ്, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില വിമാന സർവീസുകൾ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്യുന്നുണ്ട്. യാത്രയ്ക്കു മുമ്പ് വിമാനക്കമ്പനികളുമായും വിമാനത്താവള അധികൃതരുമായും ബന്ധപ്പെട്ട് പുതുക്കിയ വിവരങ്ങൾ ശേഖരിക്കണം

 

അമേരിക്കൻ ഉദ്യോഗസ്ഥർക്ക് യാത്രാ നിയന്ത്രണം

 

സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദിയിൽ ജോലി ചെയ്യുന്ന അമേരിക്കൻ സർക്കാർ ജീവനക്കാർക്ക് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കാൻ പ്രത്യേക അനുമതി ആവശ്യമാണ്. യമൻ അതിർത്തിയിൽനിന്ന് 20 മൈൽ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ട്.

 

ജിസാൻ, അസീർ, നജ്റാൻ പ്രവിശ്യകൾക്കു പുറമേ ഖത്തീഫ്, യൻബു, തായിഫ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കും പ്രത്യേക അനുമതി വേണം. സൗദിയിലെ സിവിലിയൻ വിമാനത്താവളങ്ങളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഇറാന്റെ പിന്തുണയുള്ള ഹൂത്തി സേനയുടെ ഭീഷണിയും സുരക്ഷാ അറിയിപ്പിൽ പരാമർശിക്കുന്നുണ്ട്. മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകാനുള്ള സാധ്യതയും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

 

ആക്രമണ ദൃശ്യങ്ങൾ പകർത്തിയാൽ നിയമനടപടി

 

മിസൈലുകളും ഡ്രോണുകളും തടഞ്ഞുവീഴ്ത്തുന്ന ദൃശ്യങ്ങൾ, അവ പതിക്കുന്ന സ്ഥലങ്ങൾ, ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അമേരിക്കൻ ദൗത്യസംഘം പൗരന്മാർക്ക് നിർദേശം നൽകി. ഇത്തരം നിയമലംഘനങ്ങളുടെ പേരിൽ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സർക്കാർ കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ആക്രമണം നടന്ന സ്ഥലങ്ങൾ എന്നിവയുടെ ചിത്രീകരണം നിയമനടപടിക്ക് ഇടയാക്കാമെന്നും മുന്നറിയിപ്പുണ്ട്.

 

സൗദി സിവിൽ ഡിഫൻസിൽനിന്ന് മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന സുരക്ഷാ അറിയിപ്പുകൾ ശ്രദ്ധിക്കണം. പ്രാദേശിക മാധ്യമങ്ങളിലെ വിവരങ്ങൾ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും വേണം. പ്രതിഷേധങ്ങൾ, വലിയ ജനക്കൂട്ടങ്ങൾ, ശക്തമായ പൊലീസ് സാന്നിധ്യമുള്ള പ്രദേശങ്ങൾ എന്നിവ ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങൾക്കായി മൊബൈൽ ഫോൺ ചാർജ് നിലനിർത്തണമെന്നും എംബസി നിർദേശിച്ചു.

 

വ്യോമാക്രമണമുണ്ടായാൽ ജനലുകളിൽനിന്നും ചില്ലുവാതിലുകളിൽനിന്നും അകന്നുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറണം. ആക്രമണത്തിനുശേഷം നിലത്തുവീണുകിടക്കുന്ന അവശിഷ്ടങ്ങളിൽനിന്നും അകന്നുനിൽക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

 

അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷാ വിവരങ്ങൾ ലഭിക്കുന്നതിനും അധികൃതരുമായി ബന്ധപ്പെടുന്നതിനും സഹായിക്കുന്ന യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനും അമേരിക്കൻ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!