കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വെള്ളിയാഴ്ച ജനകീയ തിരച്ചിൽ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ദുരന്തബാധിതരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരച്ചിലിൽ ഭാഗമാക്കും. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ ദുരന്തമേഖലയിലേക്ക് വരാൻ അവസരം നൽകും. ക്യാമ്പുകളിലുള്ളവരെ വാടകവീടുകളിലേക്ക് മാറ്റുമെന്നും വാടക സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളിലുള്ള ആളുകളെ താൽക്കാലിക പുന:രധിവാസത്തിന്‍റെ ഭാഗമായി വാടകവീടുകളിലേക്ക് മാറ്റുക എന്നതിനാണ് നിലവിൽ ഏറ്റവും പ്രാധാന്യം നൽകുന്നത്. എത്ര പേർക്ക് സ്ഥിരമായ പുന:രധിവാസം വേണ്ടിവരുമെന്ന് കണക്കാക്കും. വാടകവീടുകളിലേക്ക് മാറ്റുന്നവരുടെ വാടക സർക്കാർ നൽകും -മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രക്ഷാപ്രവർത്തകരോടൊപ്പം ദുരിതബാധിതരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പഞ്ചായത്ത് അധികൃതരെയും ഉൾപ്പെടുത്തി ജനകീയ തിരച്ചിൽ നടത്തും. രാവിലെ എട്ട് മണിക്ക് തുടങ്ങും. ക്യാമ്പുകളിലുള്ള ആളുകൾക്ക് ആവശ്യമെങ്കിൽ ഇന്ന് രാവിലെ ദുരന്തമേഖലയിലേക്ക് വരാം.