നാളെ മുതൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക്

കൊച്ചി:പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും കടക്കെണിയിലേക്ക് നീങ്ങുകയാണെന്നുമാണ് ബസുടമകളുടെ ആരോപണം. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നുമാണ് സമരസമിതിയുടെ പ്രധാന ആവശ്യം.

 

അതിനിടെ, പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ഇടപെട്ട് ഇന്ന് നിർണായക ചർച്ച നടന്നേക്കും.സമരത്തിന്റെ കാര്യം ഈ മാസം 16 ന് സർക്കാറിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് തുടർനീക്കമെന്ന് ബസുടമകൾ അറിയിച്ചു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

 

സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമീഷൻ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാൻ സ‌ർക്കാറിന് മുന്നിൽ നിർദേശങ്ങൾ വച്ചിരുന്നു. എന്നാൽ, ആ നിർദേശങ്ങൾ പാലിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നാണ് ബസുടമകളുടെ ആരോപണം. സമരം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നാണ് ഞങ്ങളുടെ നിലപാട്. എന്നാൽ, സർക്കാർ സഹായിക്കാൻ തയാറല്ലാത്ത സാഹചര്യത്തിൽ പണിമുടക്കല്ലാതെ വേറെ വഴിയില്ലെന്ന് ബസുടമകൾ വ്യക്തമാക്കി.പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണവും വരുമാനവും കുറഞ്ഞതായും പല സർവിസുകളും നിർത്തേണ്ടിവന്നതായും ബസുടമകൾ ആരോപിക്കുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!