മൂര്‍ച്ചയുള്ള ആയുധം ആഴത്തിലിറക്കി 1300 ലധികം വാഴകള്‍ കുത്തി നശിപ്പിച്ചു;കര്‍ഷകരുടെ പരാതിയില്‍ അന്വേഷണം തുടങ്ങി പൊലീസ്

കല്‍പ്പറ്റ: മൂര്‍ച്ചയുള്ള ആയുധം ആഴത്തിലിറക്കി 1300 ലധികം വാഴകള്‍ നശിപ്പിച്ചു. മുട്ടില്‍ ചിരഞ്ഞിച്ചാലില്‍ പാറെപറമ്പില്‍ ജയിംസ്, കൊരലാളി ദേവകുമാര്‍ എന്നിവരുടെ വാഴത്തോട്ടമാണ് അജ്ഞാതര്‍ നശിപ്പിച്ചിരിക്കുന്നത്. പ്രധാന റോഡില്‍ നിന്ന് മുന്നൂറ് മീറ്ററിലധികം ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്ന തോട്ടത്തില്‍ രാത്രിയെത്തിയായിരിക്കാം ഇത് ചെയ്തതെന്നാണ് സംശയിക്കുന്നത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വാഴ തൈകളുടെ അപ്പുറം എത്തുന്ന തരത്തില്‍ കുത്തിയിറിക്കിയിരിക്കുകയാണ്. 1500-ല്‍ അധികം വാഴകള്‍ ഇത്തരത്തില്‍ നശിപ്പിച്ചിട്ടുണ്ട്. മൂര്‍ച്ചയുള്ള ആയുധവുമായി കൃത്യമായി പ്ലാന്‍ ചെയ്ത് വന്നാണ് തോട്ടം നശിപ്പിച്ചിരിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് വാഴകള്‍ കുലയിടും മുമ്പെ തന്നെ കുത്തി നശിപ്പിച്ചത്.

 

3000 വാഴകളാണ് തോട്ടത്തിലാകെയുള്ളത്. പാട്ടത്തിനെടുത്ത് വായ്പയായും മറ്റുമുണ്ടാക്കിയ പണം ചിലവഴിച്ചാണ് തോട്ടമൊരുക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം വരെ കര്‍ഷകര്‍ ഇരുവരും വളമിടാനും മറ്റു ജോലികള്‍ക്കുമായി തോട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച്ച രാവിലെ എത്തി ബാക്കി വരുന്ന തൈകള്‍ക്ക് കൂടി വളമിടാനുള്ള ഒരുക്കത്തിനിടെയാണ് വാഴകളുടെ കൈകള്‍ ചിലത് മുറിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചില തൈകളില്‍ മുറിപ്പാട് പോലെ കണ്ടതോടെ പരിശോധിക്കുകയായിരുന്നു. നൂറുകണക്കിന് വാഴകള്‍ ഇത്തരത്തില്‍ നശിപ്പിച്ചിരിക്കുന്നതായി പിന്നീട് കാണാന്‍ കഴിഞ്ഞത്. 220 രൂപയെങ്കിലും ഓരോ തൈക്കും ഇതുവരെ മുടക്കുമുതല്‍ ജെയിംസ് പറഞ്ഞു.

 

ജെയിംസിന്റെയും ദേവകുമാറിന്റെയും തോട്ടത്തില്‍ മാത്രമാണ് അതിക്രമമുണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള വാഴത്തോട്ടങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ടാറിങ് റോഡില്‍ വാഹനത്തില്‍ എത്തിയാലും മുന്നൂറ് മീറ്റര്‍ നടന്ന് മാത്രമെ തോട്ടത്തില്‍ എത്താന്‍ കഴിയൂ. അതിനാല്‍ തന്നെ തികച്ചും ആസൂത്രിതമായാണ് അക്രമം നടത്തിയതെന്ന് ജെയിംസ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വൈത്തിരി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇരുവരും. ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പുറമെ പ്രശ്‌നം ജനപ്രതിനിധികളുടെയും കൂടി ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജെയിംസും ദേവകുമാറും പറഞ്ഞു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!