കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ തട്ടിക്കൊണ്ടുപോകൽ ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. വിമാനം റൺവേയിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പ് ശൗചാലയത്തിലാണ് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പ് അടങ്ങിയ കുറിപ്പ് കണ്ടെത്തിയത്. ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ (ATC) വിവരമറിയിക്കുകയും വിമാനത്തിന്റെ സർവീസ് താൽക്കാലികമായി നിർത്തിവെക്കുകയുമായിരുന്നു.
വിവരമറിഞ്ഞ ഉടൻ സുരക്ഷാ സേനയും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി അടിയന്തര നടപടികൾ ആരംഭിച്ചു. മുൻകരുതലിന്റെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി ബാഗേജുകൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വിമാനം ആളൊഴിഞ്ഞ പ്രത്യേക സുരക്ഷാ മേഖലയിലേക്ക് (Isolation Bay) മാറ്റി ബോംബ് സ്ക്വാഡും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വിശദമായ പരിശോധന നടത്തി.
ശൗചാലയത്തിലെ കണ്ണാടിയിലാണ് ഭീഷണി കുറിപ്പ് പതിപ്പിച്ചിരുന്നതെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുറിപ്പ് എഴുതിയ ആളെ കണ്ടെത്താനായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണ്. സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷമേ വിമാനത്തിന് യാത്ര തുടരാൻ അനുമതി നൽകുകയുള്ളൂവെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിൽ ഉണ്ടായ അടിയന്തര സാഹചര്യം മൂലം മറ്റ് ചില സർവീസുകളും താൽക്കാലികമായി വൈകി.
