ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പ്രദേശത്തിന് മുകളിലൂടെ ചൈനീസ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ (Earth-observation satellites) അസാധാരണമായ നീക്കങ്ങൾ നടത്തിയതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ നിരീക്ഷണ സ്റ്റാർട്ടപ്പായ ‘ദിഗന്തര’യുടെ (Digantara) കണ്ടെത്തലുകൾ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ‘ദി പ്രിന്റ്’ ആണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്. 2025 ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണത്തിന് മുന്നോടിയായും ശേഷവുമായി ഏപ്രിൽ 15-നും 30-നും ഇടയിൽ 37 തവണ ചൈനീസ് ഉപഗ്രഹങ്ങൾ അസാധാരണമാംവിധം ഭ്രമണപഥം മാറ്റിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ആക്രമണം നടക്കുന്നതിന് കൃത്യം ആറ് ദിവസം മുൻപ്, അതായത് ഏപ്രിൽ 16-ന് ചൈനയുടെ ‘യാവോഗാൻ-35 01A’ (Yaogan-35 01A) എന്ന ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തിയിരുന്നു. ഇതിലൂടെ പഹൽഗാമിന് മുകളിലൂടെ ഈ ഉപഗ്രഹം കടന്നുപോകുന്ന തവണകളുടെ എണ്ണം ഇരട്ടിയായി വർധിച്ചു. തുടർന്ന് ഭീകരാക്രമണം നടന്ന ഏപ്രിൽ 22-ന്, ആക്രമണം നടന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം വൈകിട്ട് 5.14-നും 5.59-നുമായി ‘യാവോഗാൻ-39 01B’, ‘യാവോഗാൻ-39 01C’ എന്നീ രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ മാറ്റങ്ങൾ വരുത്തിയതായി ദിഗന്തരയുടെ നിരീക്ഷണത്തിൽ വ്യക്തമായി.
