മിഷന്‍ ചക്കക്കൊമ്പന്‍ നിര്‍ണായക ഘട്ടത്തില്‍; ദൗത്യ സംഘം തൊട്ടരികിൽ

ഇടുക്കി:കാട്ടുകൊമ്പന്‍ ചക്കക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. മയക്ക് വെടിവെക്കാന്‍ അനുയോജ്യമായ സ്ഥലത്ത് രാവിലെയോടെ ആനയെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആന ഇപ്പോള്‍ ഇടിക്കുഴിയിലെത്തിയതായാണ് അറിയുന്നത്. ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

 

ദൗത്യ സംഘം ആനക്ക് സമീപം എത്തിയിട്ടുണ്ട്. ഇന്നും ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ഇടവേളക്ക് ശേഷമാകും ചക്കക്കൊമ്പനെ മയക്ക് വെടിവെക്കാനുള്ള ശ്രമം തുടരുക. ഇന്നലെ ആനയെ മയക്കുവെടിവെക്കാന്‍ ശ്രമം നടന്നെങ്കിലും സാധിച്ചില്ല. 140 അംഗ ദൗത്യസംഘം, നാല് വെറ്ററിനറി സര്‍ജന്‍മാര്‍, തെര്‍മല്‍ ഡ്രോണുകള്‍, ആര്‍ ആര്‍ ടി സംഘം അടങ്ങുന്ന സംഘത്തിന്റെ രണ്ടു ദിവസത്തെ കാത്തിരുപ്പാണ് വിഫലമായത്.

 

വെടിയേറ്റ് ചക്കക്കൊമ്പന്‍ മയങ്ങിയാലുടന്‍ വരുതിയിലാക്കാന്‍ ഒരുങ്ങി രണ്ട് കുങ്കിയാനകളും നില്‍പ്പുണ്ട്. എന്നാല്‍ കാടും കാലാവസ്ഥയും അണക്കെട്ടും മറയാക്കി കൊമ്പന്‍ വഴുതിമാറുകയാണ്.കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യമാണ് നടക്കുന്നത്. . രണ്ട് ദിവസത്തെ ശ്രമങ്ങളിലും ആനയെ കൃത്യമായി കണ്ടെത്താന്‍ സാധിച്ചെങ്കിലും മയക്കുവെടി പ്രയോഗിക്കാന്‍ അനുകൂലമായ സാഹചര്യം ഒത്തുവന്നില്ല. ഇതോടെ ദൗത്യം കൂടുതല്‍ ശക്തമാക്കി മൂന്നാം ദിവസത്തിലേക്ക് കടക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.

 

ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് ഹൈറേഞ്ച് സി സി എഫ്. ഡി കെ വിനോദ് കുമാര്‍, മൂന്നാര്‍ ഡി എഫ് ഒ. സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ദൗത്യം ആരംഭിച്ചത്. പൊന്നുസ്വാമി എസ്റ്റേറ്റ് ഭാഗത്ത് കണ്ടെത്തിയ കൊമ്പന്‍ ആനയിറങ്കല്‍ ഡാമിന് സമീപത്തേക്കും തുരുത്തിലേക്കും നീങ്ങിയതാണ് ആദ്യ തിരിച്ചടിയായത്.

 

ജലാശയത്തിന് സമീപത്തുവെച്ച് മയക്കുവെടിവെച്ചാല്‍ ആന വെള്ളത്തില്‍ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ സംഘത്തിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. ഉച്ചക്കുശേഷം അനുകൂല സാഹചര്യം ലഭിച്ചപ്പോള്‍ രണ്ട് തവണ മയക്കുവെടിവെച്ചെങ്കിലും ഉയരമുള്ള പുല്ലും ഇടതൂര്‍ന്ന കാടും കാരണം ഡാര്‍ട്ട് ആനയുടെ ശരീരത്തില്‍ കൃത്യമായി തുളച്ചുകയറിയില്ല. അങ്ങനെ അന്നത്തെ ദൗത്യം നിര്‍ത്തി.

 

ഇന്നലെ പുലര്‍ച്ചെ തന്നെ കാടുകയറിയ സംഘം രാവിലെ ചെമ്പകത്തൊഴുകുടി ഭാഗത്ത് ചക്കക്കൊമ്പനെ കണ്ടെത്തി. എന്നാല്‍ ആനയിറങ്കല്‍ ജലാശയത്തിന് തൊട്ടടുത്തായിരുന്നതിനാല്‍ വെടിവെക്കാനായില്ല. ഉച്ചക്ക് 12 ഓടെ ജലാശയം നീന്തിക്കടന്ന കൊമ്പന്‍ 301 കോളനി ഭാഗത്തേക്ക് നീങ്ങി. പിന്നാലെയെത്തിയ ദൗത്യസംഘത്തിന് നേരെ ആന തിരിഞ്ഞതോടെ സംഘം ജാഗ്രത പാലിച്ചു. തുടര്‍ന്ന് ചോലയ്ക്കുള്ളില്‍ മറഞ്ഞ ആന. വൈകുന്നേരം മൂന്നരയോടെ ചെമ്പകത്തൊഴുകുടി ഭാഗത്തെ ഏലത്തോട്ടത്തില്‍ തിരിച്ചെത്തി. ജലാശയത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശം മയക്കുവെടിക്ക് അനുയോജ്യമായിരുന്നെങ്കിലും ഏലച്ചെടികള്‍ തടസ്സമായി. പടക്കം പൊട്ടിച്ച് ആനയെ തുറസ്സായ സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വെളിച്ചം കുറഞ്ഞതോടെ വൈകുന്നേരം അഞ്ചുമണിക്ക് രണ്ടാം ദിനത്തെ ദൗത്യവും അവസാനിപ്പിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!