കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനത്തിന് ശേഷം, സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഒരു ചിത്രമുണ്ട്. പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന മൂന്നുവയസുകാരി റൂബിയ എന്ന കൊച്ചുമിടുക്കിയുടെ ചിത്രം.
മഹാദുരന്തത്തിലെ അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ് റൂബിയ. അവള്‍ക്ക് ഇന്ന് ഉമ്മ മാത്രമേ ഉള്ളൂ. ഉപ്പയും സഹോദരങ്ങളുമടക്കം സര്‍വതും നഷ്ടപ്പെട്ടു. ദുരന്തത്തില്‍ ഉറ്റവരെയും നഷ്ടപ്പെട്ട് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന റൂബിയയെയും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.
‘അതെന്റെ വീടിനടുത്തുള്ള സാറാണ്, ഞാന്‍ കെട്ടിപ്പിടിച്ചു, വിടില്ലെന്നു പറഞ്ഞു’, റൂബിയയുടെ വാക്കുകളാണിത്. പ്രധാനമന്ത്രിയാണ് കൂടെ നില്‍ക്കുന്നതെന്ന് കുഞ്ഞുറൂബിയയ്ക്ക് അറിയില്ല. മുഖം ചേര്‍ത്തുപിടിച്ച് ആ വെളുത്ത താടിയില്‍ തടവിയപ്പോള്‍ അവള്‍ക്ക് വീടിനടുത്തുള്ള സ്കൂളിലെ സാറിനെയാണ് ഓര്‍മ വന്നതത്രെ.
ചൂരല്‍മലയിലെ തകർന്ന കെട്ടിടത്തിനുള്ളില്‍ ചെളിയില്‍ പൂണ്ട നിലയിലാണ് റൂബിയയെ കണ്ടെത്തിയത്. ശരീരത്തിലാകെ മുറിവേറ്റിരുന്നു. നിർത്താതെയുള്ള കരച്ചില്‍ കേട്ടെത്തിയ അയല്‍വാസിയാണ് അവളെ കോരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്.