ന്യൂഡല്‍ഹി : രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തിയതോടെ ഔദ്യോഗികമായി രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടന്നു. രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് മോദിയുടെ പ്രസംഗം. കര്‍ഷകരും ജവാന്മാരും രാഷ്ട്ര നിര്‍മ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുന്‍പില്‍ ആദരം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജ്യം അവര്‍ക്കൊപ്പം നില്‍ക്കും. കൊളോണിയല്‍ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ,’ മോദി പറഞ്ഞു. തുടര്‍ച്ചയായ 11-ാം വര്‍ഷമാണ് മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം തികയുന്ന 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് അടിവരയിടുന്ന ‘വികസിത് ഭാരത്@ 2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിന്റെ തീം.
ആദിവാസികള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ആശാ പ്രവര്‍ത്തകര്‍, നഴ്സ് മിഡ്വൈഫുമാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ചെങ്കോട്ടയിലെ ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ 6000 പ്രത്യേക അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. അടുത്തിടെ സമാപിച്ച പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
ഡല്‍ഹി പൊലീസും അര്‍ദ്ധ സൈനിക വിഭാഗവും ഉള്‍പ്പെടെ പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. എ.ഐ അടിസ്ഥാനമാക്കിയുള്ള ക്യാമറകള്‍, നൂതന സി.സി ടിവി അനലിറ്റിക്സ്, ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, അതിഥികള്‍ക്കായി മുഖം തിരിച്ചറിയല്‍ സോഫ്റ്റ്വെയര്‍ എന്നിവ ഉള്‍പ്പെടുത്തി നിരീക്ഷണ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷം നടക്കും. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. വിവിധ സായുധസേന വിഭാഗങ്ങളുടെയും മറ്റു സേനാ വിഭാഗങ്ങളായ അശ്വാരൂഢ സേന, എന്‍ സി സി, സ്‌കൗട്ട് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ദേശീയ പതാക ഉയര്‍ത്തി. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാകയുയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സ്വാതന്ത്ര്യ ആഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ട്. നിയമസഭാങ്കണത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ദേശീയ പതാക ഉയര്‍ത്തി.