തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത ഉള്ളതായി അറിയിപ്പ്. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഇരുപത്തിനാലോടെ ( 2024 ഓഗസ്റ്റ് 24) വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 24 – 26 തീയതികളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.