കൊണ്ടോട്ടി : കടത്തുസ്വർണം തട്ടാനായി യുവാവിനെ വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോകാനെത്തിയ അഞ്ചംഗസംഘം പോലീസ് പിടിയിൽ. കോഴിക്കോട് പൊക്കുന്ന് കുളങ്ങരപ്പീടിക മണണ്ട്രാവിൽ പറമ്പ് വി. ഖലിഫ (34), കൊളത്തറ വെള്ളിലവയൽ എടത്തിലക്കണ്ടി എം. രാഹുൽ (24), കൊളത്തറ മുണ്ടിയാർവയൽ വട്ടംകുളങ്ങര മുഹമ്മദ് ഹനീഫ (26), ചെറുവണ്ണൂർ കുണ്ടായിത്തോട് പഷ്ണിപാടം വീട്ടിൽ പി. ജിജിൽ (23), കുണ്ടായിത്തോട് വെള്ളിലവയൽ വീട്ടിൽ എൻ.വി. അൻസൽ (27) എന്നിവരെയാണ് കരിപ്പൂർ പോലീസ് പിടികൂടിയത്. കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച രാത്രി എട്ടിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കുവൈത്തിൽനിന്നാണ് യുവാവ് വന്നത്.
ഇയാളുടെ കൈവശം സ്വർണമുണ്ടെന്നു കരുതി, കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഇടപെട്ടു. കവർച്ചാശ്രമത്തിനാണ് ഇവരുടെ പേരിൽ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.