ന്യൂഡൽഹി: സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി പൊതുസമൂഹത്തിൽ ജീവിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഈ സാഹചര്യം മാറണമെന്നും അതിനായി സർക്കാരും നിയമ സംവിധാനവും പോലീസും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ദ്രൗപദി മുർമു ആവശ്യപ്പെട്ടു.
സ്ത്രീകളെ അപമാനിക്കുന്നത് ഏറ്റവും ദുഖകരമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. അതേസമയം ഇരകൾ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പല കേസുകളിലും ഈ സാഹചര്യം കാണുന്നുണ്ടെന്നും ഒരു കേസിലും നീതി വൈകരുതെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസവും രാഷ്ട്രപതി വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം ആക്രമണങ്ങൾ വേദനിപ്പിക്കുന്നു. സത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കിയിരുന്നു