രാജ്യത്ത് എംപോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധിത രാജ്യങ്ങളിലൊന്ന് സന്ദര്‍ശിച്ച യുവാവിനാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇയാളെ ഐസൊലേഷനിലാക്കിയിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ചികിത്സയിലുള്ള യുവാവില്‍ നിന്ന് ശേഖരിച്ച സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗവ്യാപനമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിച്ച് മുന്‍കരുതലുകള്‍ എടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മങ്കിപോക്‌സ് ആദ്യം കണ്ടെത്തിയത് കുരങ്ങനില്‍ ആയതിനാലാണ് രോഗത്തിന് ഈ പേര് നല്‍കാന്‍ കാരണം. മൂന്നാഴ്ച മുന്‍പ് ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പ് പ്രകാരം 12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മങ്കിപോക്‌സ് വ്യാപിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്‌സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.