മാനന്തവാടി : കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരളത്തിന് നൽകുന്ന ഓക്സിജൻ പ്ലാന്റുകളിൽ രണ്ടാമത്തേത് വയനാട് മെഡിക്കൽ കോളജിനു സമർപ്പിച്ചു. മാനന്തവാടി മെഡിക്കൽ കോളജ് കാമ്പസിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിലെ ആതുരസേവനമേഖലയിൽ സന്നദ്ധ സംഘടനകൾ വലിയ ഉത്തരവാദിത്വങ്ങളാണ് നിർവഹിക്കുന്നതെന്നും ഈ രംഗത്ത് കേരളമുസ്‌ലിം ജമാഅത്തും പ്രവാസിഘടകമായ ഐ.സി.എഫും ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഹജ്കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
1200 LPM കപ്പാസിറ്റിയുള്ള പ്ലാൻ്റാണ് നിർമിച്ചിരിക്കുന്നത്. ഒരേസമയം ഇരുനൂറോളം രോഗികൾക്ക് ജീവവായു നൽകാൻ പ്ലാന്റ് വഴി കഴിയും. ഒരു കോടി രണ്ടു ലക്ഷത്തി മുപ്പത്തി എട്ടായിരത്തി അറുനൂറ്റി മുപ്പത്തൊമ്പത് (1,02,38,639) രൂപ ചെലവാക്കിയാണ് പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. കോവിഡ് വ്യാപന കാലയളവിൽ മുഖ്യമന്ത്രി നോർക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് ഓക്സിജൻ പ്ലാന്റ് നിർമാണ പദ്ധതി ഐ.സി.എഫ്ഏറ്റെടുത്തത്. ആദ്യത്തെ പ്ലാന്റ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ നേരത്തെ സമർപ്പിച്ചിരുന്നു.
സമർപ്പണ സമ്മേളനത്തിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ (ചെയർമാൻ, ഐസിഎഫ് ഇൻ്റർനാഷണൽ), എൻ. അലി അബ്ദുല്ല (ചെയർമാൻ, കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ്), ജസ്റ്റിൻ ബേബി (പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി)), മജീദ് കക്കാട് (സെക്ര. കേരള മുസ്ലിം ജമാഅത്ത്), പി.ഗഗാറിൻ (സി പി എം), ഇ ജെ ബാബു (സി പി ഐ), പി.വി.എസ് മൂസ(മുസ്‌ലിം ലീഗ്), അബ്ദുൽ ഹമീദ് ചാവക്കാട് (സെക്ര. ഐ സി എഫ്), അബ്ദുൽ കരീം ഹാജി (ഐ സി എഫ്), ജുനൈദ് കൈപ്പാണി(ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ)ബി ഡി അരുൺകുമാർ (കൗൺസിലർ, മാനന്തവാടി മുനിസിപാലിറ്റി) ഡോ.മിനി (പ്രിൻസിപ്പൽ,വയനാട് മെഡിക്കൽ കോളജ്)ഡോ. രാജേഷ് (സൂപ്രണ്ട്, ഗവ. മെഡിക്കൽ കോളജ് വയനാട്),ഡോ.അർജുൻ ജോസ്(ആർ എം ഒ)ഡോ .ഷക്കീർ ,അബ്ദുൾ കരീം ഹാജി ,സുബൈർ സഖാഫി,കെ.ഒ.അഹ്‌മദ്കുട്ടിബാഖവി പ്രസംഗിച്ചു.