സിബിഐയിൽ നിന്നെന്ന് പറഞ്ഞ് ഫോൺ ചെയ്ത് വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുത്തു: 2 യുവതികൾ അറസ്റ്റിൽ

പുല്ലാട് :(പത്തനംതിട്ട) ആധാർ കാർഡ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 സ്ത്രീകളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോളത്തറ കുന്നത്ത് കരുന്തയിൽ ശാരദാമന്ദിരത്തിൽ പ്രജിത (41), കൊണ്ടോട്ടി ഐക്കരപ്പടി നീലിപ്പറമ്പ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാലുശേരി പുതിയേടത്ത് വീട്ടിൽ സനൗസി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. സിബിഐയിൽ നിന്നെന്ന് പറഞ്ഞ് ഫോൺ ചെയ്ത് തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി പണം തട്ടുക ആയിരുന്നു.

 

വെണ്ണിക്കുളം വെള്ളാറ സ്വദേശിയായ വീട്ടമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് ക്രിമിനലുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്നുമാണ് പ്രതികൾ പറഞ്ഞത്. ലക്ന‌ൗ പൊലീസ് ആണെന്നും സിബിഐ ആണെന്നും പരിചയപ്പെടുത്തി. ഹിന്ദി ഭാഷയിലാണ് സംസാരിച്ചത്. വീട്ടമ്മയുടെ പേരിലുള്ള മുഴുവൻ ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. വീണ്ടും ഫോണിൽ വിളിച്ച് അക്കൗണ്ടുകളിൽ സംശയകരമായി പണം കാണുന്നുണ്ടെന്നു പറഞ്ഞ് ഭയപ്പെടുത്തി. അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക തട്ടിപ്പുകാർ നൽകിയ അക്കൗണ്ട് നമ്പറിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടു. ഭയന്നുപോയ വീട്ടമ്മ പലതവണയായി തുക അയയ്ക്കുകയായിരുന്നു.

സംഭവം തട്ടിപ്പെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടമ്മ പോലിസിൽ പരാതി നൽകി. തുടർന്നാണ് കേസിൽ രണ്ട് സ്ത്രീകളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *