മഞ്ചേരി : സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ ആവേശമേറിയ മത്സരത്തില്‍ മലപ്പുറം എഫ്.സി.യെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് കാലിക്കറ്റ് എഫ്.സി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ പതിനയ്യായിരത്തോളം പേര്‍ നിറഞ്ഞ ഗാലറിക്കു മുന്നിലാണ് മലപ്പുറത്തിന്റെ നിരാശപ്പെടുത്തുന്ന തോല്‍വി. ആദ്യ പകുതിയില്‍ ഒരു ഗോളും രണ്ടാംപകുതിയില്‍ രണ്ട് ഗോളും നേടിയാണ് കാലിക്കറ്റിന്റെ ജയം.
22-ാം മിനിറ്റില്‍ ഗനി നിഗമിലൂടെ മുന്നിലെത്തിയ കാലിക്കറ്റ്, 61-ാം മിനിറ്റില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിലൂടെ ലീഡ് ഉയര്‍ത്തി. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഒരു ഗോള്‍കൂടി നേടിയതോടെ കാലിക്കറ്റിന്റെ അശ്വമേധം പൂര്‍ത്തിയായി. മലപ്പുറത്തിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് കാലിക്കറ്റ് നേടിയ മൂന്ന് ഗോളുകളും.
നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ച മലപ്പുറത്തിന് പക്ഷേ, ഫിനിഷിങ്ങിലെ പോരായ്മ വിലങ്ങുതടിയായി. കൂടാതെ കാലിക്കറ്റിന്റെ പ്രതിരോധ നീക്കവും മലപ്പുറത്തിന്റെ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തി. മധ്യനിരയില്‍നിന്ന് മുന്നേറ്റത്തിലേക്ക് മികച്ച കളി നടത്തിയത് മാത്രം മലപ്പുറം ആരാധകര്‍ക്ക് ആവേശക്കാഴ്ചയായി.
പന്ത് കൂടുതല്‍ കൈവശം വെച്ചതും മികച്ച പാസുകള്‍ നടത്തിയതും മലപ്പുറമായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയതൊഴിച്ചാല്‍ മലപ്പുറം ഗോള്‍ക്കീപ്പര്‍ പരീക്ഷിക്കപ്പെട്ടത് നന്നേ കുറവായിരുന്നു. എന്നാല്‍ എതിര്‍ ബോക്‌സിനകത്ത് മലപ്പുറം താരങ്ങള്‍ നിരവധി അപകടങ്ങള്‍ വിതച്ചെങ്കിലും അവയെല്ലാം അതിജീവിക്കാന്‍ കാലിക്കറ്റിനായി. ആദ്യ പകുതിയില്‍ കൗണ്ടര്‍ അറ്റാക്കിങ്ങിലും ലോങ് പാസുകളിലുമാണ് കാലിക്കറ്റ് എഫ്.സി. പ്രധാനമായും കേന്ദ്രീകരിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഇരുടീമുകളും ആക്രമിച്ചു കളി
ച്ചു.