ഗൂഡല്ലൂർ(തമിഴ്നാട് ): നീലഗിരിയിൽ ദാരിദ്ര്യത്താൽ പിഞ്ചുബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവുവിധിച്ചു. കോത്തഗിരി കൈകട്ടിയിലെ സജിത(37)യെയാണ് 2019 ജനുവരി 17-ന് നാലുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷിച്ചത്. പ്രദേശത്തെ സ്വകാര്യബംഗ്ലാവിൽ വാച്ച്മാനായിരുന്ന ഭർത്താവ് പ്രഭാകരൻ 2018- ൽ അനാരോഗ്യത്താൽ മരിച്ചതിനെത്തുടർന്ന് സജിത ബംഗ്ലാവിൽ ജോലിചെയ്തുവരുകയായിരുന്നു.
രണ്ടുപെൺകുട്ടികളുൾപ്പെട്ടതായിരുന്നു കുടുംബം. ഭർത്താവിന്റെ മരണത്തിനുശേഷം സംഭവദിവസം പെൺമക്കളെ ഒന്നിച്ചൊരുമുറിയിൽ കിടത്തി മറ്റൊരുമുറിയിലാണ് സജിത കിടന്നിരുന്നത്.
പതിന്നാലുവയസ്സുള്ള മകൾ ഉണർന്നപ്പോൾ കൂടെ കിടന്നിരുന്ന സഹോദരിയെ കാണാത്തതിനെത്തുടർന്ന് അമ്മയോടന്വേഷിക്കുകയും പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താത്തതിനെത്തുടർന്ന് കോത്തഗിരി പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം സജിത ജോലിചെയ്തിരുന്ന ബംഗ്ലാവിലെ വാട്ടർടാങ്കിൽനിന്ന് കണ്ടെത്തിയിരുന്നു.തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ, ഭർത്താവ് മരിച്ചതിനുശേഷവും തുടർന്ന കടുത്ത ദാരിദ്ര്യംമൂലം താൻ മകളെ വാട്ടർടാങ്കിലെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തിയെന്ന് സജിത പോലീസിൽ കുറ്റസമ്മതം നടത്തി.
കേസിന്റെ വിചാരണ ഊട്ടി മഹിളാകോടതിയിൽ പൂർത്തിയായതോടെയാണ് വെള്ളിയാഴ്ച ജഡ്ജിയുടെ ചുമതലയുള്ള ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി കെ. ലിങ്കം സജിതയെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്.