കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വര്‍ണവില. ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ദിവസം 56,000 രൂപ തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയതിന് പിന്നാലെ സ്വർണവില മുന്നോട്ട് കുതിയ്ക്കുകയാണ്.
കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ സ്വര്‍ണവില വര്‍ദ്ധിക്കുമെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണവില ഉയരങ്ങളിലേക്ക് കുതിച്ചുകയറുന്നത്. അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിലെ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണം പരിഗണിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലായിരുന്നു പലിശ നിരക്ക് കുറച്ച യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് നിരീക്ഷിക്കപ്പെട്ടത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് ഇന്നലെ കുറച്ചിരുന്നെങ്കിലും സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ഇന്നലെ അതിന്റെ പ്രതിഫലനം കാണാന്‍ സാധിച്ചിരുന്നില്ല. സ്വര്‍ണവില വര്‍ദ്ധിക്കുമെന്ന് സാമ്പത്തിക വിദഗ്ദരുടെ പ്രവചനം ഇന്നാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണയില്‍ പ്രകടമായത്. അതേസമയം ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലെ സംഘര്‍ഷവും സ്വര്‍ണ വില വര്‍ദ്ധിക്കാന്‍ ഘടകമായെന്ന് നിരീക്ഷണങ്ങളുണ്ട്.