റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: റിസോർട് നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി: റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വെച്ച് വിനോദസഞ്ചാരിയായ എം.ബി.ബി.എസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, താമരശ്ശേരി, ചുണ്ടകുന്നുമ്മൽ വീട്ടിൽ സി.കെ. ഷറഫുദ്ദീനെ(32)യാണ് മേപ്പാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

 

മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകാനുണ്ട്. കഴിഞ്ഞ മാർച്ച് 24 ന് രാത്രിയോടെയാണ് ദിണ്ടികൽ, മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ ബാലാജി(21) ഷോക്കേറ്റ് മരിച്ചത്. തുടർന്ന്, പോലീസ് നടത്തിയ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തിൽ റിസോർട് ജീവനക്കാർക്കുണ്ടായ കുറ്റകരമായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞത്. സംഭവം നടന്നയുടൻ മേപ്പാടി പോലീസ് സംഭവ സ്ഥലം സീൽ ചെയ്ത് ബന്തവസിലാക്കിയിരുന്നു. തുടർന്ന്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറും, ഫോറൻസിക് വിദഗ്ദരും, kseb യും പരിശോധിച്ച് പൊലീസിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തി കൂടുതൽ വിവരങ്ങൾ കണ്ടെത്തി. റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. അപകടത്തിന് തലേ ദിവസം ഇയാളും ഷറഫുദീനും നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദീന് വൈദ്യുത തകരാറിനെ കുറിച്ച് മുൻകൂട്ടി ബോധ്യമുള്ളതായും, അത് ഉപയോഗിക്കരുതെന്ന വയറിങ്ങുകാരന്റെ നിർദ്ദേശം അവഗണിച്ചതായും പൊലീസിന് വ്യക്തമായത്. പൂളിന് സമീപമുള്ള വൈദ്യുത തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും, തകരാർ പരിഹരിക്കാതെ വിദ്യാർത്ഥികൾക്ക് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിന് കാരണമായത്. മാർച്ച് 24 നാണ് ബാലാജിയടക്കമുള്ള 12 മെഡിക്കൽ വിദ്യാർഥികൾ കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ല റിസോർട്ടിലെത്തിയത്. രാത്രി ഏഴ് മണിയോടെ ബാലാജിയും സുഹൃത്തുക്കളും സ്വിമ്മിങ് പൂളിലിറങ്ങി. 7.20 ഓടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി പൂളിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സ്വിമ്മിങ് പൂളിന് ചുറ്റുമുള്ള ഇരുമ്പ് ഫെൻസിംഗിന്റെ മധ്യ ഭാഗത്തുള്ള ഗേറ്റിൽ നിന്ന് ബാലാജിക്കും സുഹൃത്തുക്കൾക്കും ഷോക്കേൽക്കുകയും ബാലാജി മരിക്കുകയും ചെയ്തത്. ബാലാജിക്ക് നെഞ്ചിന് ഷോക്കേറ്റത് ആണ് മരണത്തിന് കാരണമായത്. മറ്റു യുവാക്കൾ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

 

പൂളിന് ചുറ്റുമുള്ള ഇരുമ്പ് ഫെൻസിങിലുള്ള വിലക്കുകളിലേക്ക് വൈദ്യുതി എത്തിയാൽ എർത്ത് ലീക്കേജ് ഉണ്ടാവുമെന്നും ആ സമയത്ത് അവിടെ പ്രവേശിക്കുന്നവർക്ക് അപകടമുണ്ടാവുമെന്നും നേരത്തെ അറിയാമായിരുന്നിട്ടും തകരാർ പരിഹരിക്കാതെ അധികൃതർ ഗസ്റ്റുകൾക്ക് പ്രവേശനം നൽകി. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി. സുമേഷ് സംഭവസ്ഥലം പരിശോധിച്ച് നൽകിയ റിപ്പോർട്ടിൽ നിര്മാണാവശ്യത്തിന് നൽകിയ കണക്ഷൻ നിബന്ധനകൾ ലംഘിച്ച് നിർമാണേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായും, വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരുന്ന rccb എന്ന സുരക്ഷാ ഉപകരണം ബൈപാസ് ചെയ്ത് ഉപയോഗിച്ചതായും പറയുന്നുണ്ട്. Rccb ബൈപാസ് ചെയ്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ താഹിർ, സജി, സി.പി.ഓ ബാലു, ഡ്രൈവർ ഷാജഹാൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *