പൂക്കോട് : വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷകളിൽ പ്രത്യേക വാദം കേൾക്കണമെന്നാണ് സിബിഐയുടെ ആവശ്യം. കേസിൽ പ്രാഥമിക കുറ്റപത്രം സിബിഐ അന്വേഷണ സംഘം വിചാരണ കോടതിയിൽ നൽകിയിട്ടുണ്ട്.
ഗൂഡാലോചന സംബന്ധിച്ച തുടർ അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് സിബിഐയുടെ നിലപാട്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർത്ഥൻ്റെ അമ്മയും ഓരോ കേസിലും കക്ഷി ചേർന്നിട്ടുണ്ട്. മനുഷ്യത്വ രഹിതമായ പീഡനത്തിനാണ് സിദ്ധാർത്ഥൻ ഇരയായത് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.