മഴക്കാല പശുപരിപാലനം ശ്രദ്ധയോടെ വേണം

തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കണം.

 

▪️തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോണ്‍ക്രീറ്റ് ചെയ്തു നികത്തണം. അപകടാവസ്ഥയിലുള്ള തൊഴുത്തുകളില്‍ മതിയായ അറ്റകുറ്റപണികള്‍ നടത്തി സുരക്ഷയുറപ്പാക്കണം.

 

▪️തൊഴുത്തിലേക്ക് ചാഞ്ഞ മരങ്ങളും ശിഖരങ്ങളും വെട്ടി അപകടമൊഴിവാക്കണം. ബ്ലീച്ചിങ് പൗഡര്‍ അല്ലെങ്കില്‍ കുമ്മായം വിതറി രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് തൊഴുത്തിലെയും പരിസരത്തെയും വഴുക്കല്‍ കുറയ്ക്കാന്‍ സഹായിക്കും.

 

▪️തൊഴുത്തിനുള്ളിലേക്ക് മഴചാറ്റല്‍ തെറിച്ചു വീഴുന്ന സാഹചര്യമുണ്ടെങ്കില്‍ മേല്‍ക്കൂരയുടെ ചായ്പ്പ് ഒന്നോ രണ്ടോ അടി നീട്ടി നല്‍കാം.

 

▪️തൊഴുത്തിലും പരിസരത്തും വളക്കുഴിയിലും വെള്ളം കെട്ടി നിന്നു കൊതുകുകള്‍ പെരുകാനുള്ള സാധ്യത തടയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യരോഗങ്ങള്‍ മഴക്കാലത്ത് ക്ഷീരകര്‍ഷകരെ വലയ്ക്കുന്നതിന്റെ പ്രധാനകാരണം തൊഴുത്തിനു പരിസരത്ത് പെരുകുന്ന കൊതുകുകളാണ്. അതിരാവിലെ കറവക്കായി തൊഴുത്തിലെത്തുന്ന കര്‍ഷകര്‍ക്ക് കൊതുകുകളുടെ കടി ധാരാളമായി ഏല്‍ക്കുകയും രോഗസാധ്യത കൂടുകയും ചെയ്യും. കര്‍ഷകര്‍ക്ക് മാത്രമല്ല പശുക്കള്‍ക്കും ഇവ രോഗങ്ങള്‍ പടര്‍ത്തും. അതിനാല്‍ തൊഴുത്തിനു പരിസരത്തെ കൊതുക് നശീകരണത്തിന് മുന്തിയ പരിഗണന നല്‍കണം.

 

▪️വളക്കുഴിയില്‍ വെള്ളം വീഴാതിരിക്കാന്‍ മേലാപ്പൊരുക്കണം. എലിപ്പനി അടക്കം സമയമായതിനാല്‍ തൊഴുത്തിലും പുല്‍കൃഷിയിടങ്ങളിലും കൃഷിപ്പണികളില്‍ ഏര്‍പ്പെടുമ്പോള്‍ കാലില്‍ ഗംബൂട്ട് ധരിക്കാനും ശ്രദ്ധിക്കണം.

 

▪️തീറ്റത്തൊട്ടിയില്‍ രാത്രികാലങ്ങളില്‍ കാലിതീറ്റ അവശിഷ്ടങ്ങള്‍ ബാക്കി കിടക്കുന്നത് എലികളെ ആകര്‍ഷിക്കും, അതിനാല്‍ തീറ്റത്തൊട്ടി അവശിഷ്ടങ്ങള്‍ ബാക്കി വരാതെ വൃത്തിയാക്കി സൂക്ഷിക്കണം.

 

▪️തൊഴുത്തില്‍ വൈദ്യതിബന്ധങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വരുന്ന അശ്രദ്ധയും ജാഗ്രതക്കുറവും പശുക്കള്‍ക്ക് മാത്രമല്ല ക്ഷീരകര്‍ഷകനും അപകടമുണ്ടാക്കും. അപകടസാധ്യതയുള്ള രീതിയില്‍ വൈദ്യുത കണക്ഷനുകള്‍ തൊഴുത്തില്‍ സ്ഥാപിക്കരുത്.

 

▪️ചെറിയ ക്ഷീരസംരംഭങ്ങളില്‍ വീടുകളില്‍ നിന്ന് അശ്രദ്ധയോടെ വയര്‍ വലിച്ച് തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ലൈറ്റ് ഇടുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വയറിന്റെ ഇന്‍സുലേഷന്‍ കാലപ്പഴക്കം കൊണ്ടോ ഉരഞ്ഞോ നഷ്ടപ്പെടാം. ഇന്‍സുലേഷന്‍ നഷ്ടമായ വയറുകള്‍ വലിയ അപകടമുണ്ടാക്കും. വയറിനു താങ്ങുനല്‍കുന്ന കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതും അപകടമുണ്ടാക്കും.

 

▪️വൈദ്യുതി വയറുകളുടെ ഇന്‍സുലേഷനും കണക്ഷന്‍ വയറുകളുടെ ക്ഷമതയും പ്രത്യേകം ഉറപ്പാക്കണം.പ്ലാസ്റ്റിക്ക് പൈപ്പിലൂടെ സുരക്ഷ ഉറപ്പാക്കി കൃത്യമായി വയര്‍ വലിക്കാന്‍ ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒരു പരിധി വരെ തടയാം.

 

▪️മഴക്കാലരോഗങ്ങളില്‍ പ്രധാനമാണ് കറവപ്പശുക്കളിലെ അകിടുവീക്കം. രോഗസാധ്യത കുറയ്ക്കാന്‍ പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണ്ണമായും കറന്നെടുക്കണം. അകിടുവീക്കസാധ്യത കുറയ്ക്കാന്‍ കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം.

 

▪️പൂര്‍ണ്ണകറവയ്ക്കു ശേഷം മുലകാമ്പുകള്‍ പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്റ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നല്‍കണം. അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസ്സാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. പാല്‍ തറയില്‍ പരന്നൊഴുകാതെ ശ്രദ്ധിക്കണം.

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *