കുറ്റികുരുമുളക് കൃഷി ചെയ്യാം;തൈകൾ ഉണ്ടാക്കുന്ന വിധം

മേയ് ജൂണ്‍ മാസങ്ങളില്‍ കുറ്റികുരുമുളക് കൃഷി ചെയ്യാം.സ്ഥല പരിമിതി ഉള്ളവര്‍ക്കും ഫ്ലാറ്റിലെ ബാല്‍ക്കണികളില്‍ പോലും ചട്ടികളിൽ കുറ്റികുരുമുളക് താങ്ങുകമ്പുകളുടെ സഹായമില്ലാതെ തന്നെ വളര്‍ത്താം.

 

വേണമെങ്കിൽ പൂന്തോട്ടങ്ങളിലും ഇവയ്ക്ക് സ്ഥാനം നല്‍കാം. വർഷത്തിൽ മുഴുവൻ ഇവ കായ് ഫലംതരും എന്നത് കൊണ്ട് സ്വന്തമായി അഞ്ചു ചട്ടിയിലെങ്കിലും കുറ്റികുരുമുളക് വളര്‍ത്തുകയാണെങ്കില്‍ ഒരു കുടുംബത്തിനാവശ്യമായ കുരുമുളക് ഉല്പാദിപ്പിച്ച് എടുക്കാനാകും.

 

കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. എന്നാല്‍, ഇവയുടെ ഇനം തിരഞ്ഞെടുക്കുമ്പോൾ അതത് സ്ഥലത്തെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ചവയെ കണ്ടെത്തണം.

 

തൈകൾ ഉണ്ടാക്കുന്ന വിധം:

 

സാധാരണ കുരുമുളകിന്റെ തൈകള്‍ ഉണ്ടാക്കുന്നത് ചെന്തലകള്‍ മുറിച്ച് വേരുപിടിപ്പിച്ചാണ്. ഇവയുടെ പറ്റുവേരുകള്‍ താങ്ങുകമ്പുകളില്‍ പിടിച്ചാണ് വളരുന്നത്. ഇത്തരം ഏഴ് വര്‍ഷമെങ്കിലും പ്രായമായ ചെടികളില്‍ കാണുന്ന പാര്‍ശ്വ ശാഖകള്‍ കൊണ്ട് തൈകള്‍ ഉണ്ടാക്കിയാല്‍ ഇവ കുറ്റിച്ചെടിയായി ചട്ടികളിലോ നിലത്തോ വളര്‍ത്താം. ഇത്തരം ശാഖകള്‍ കണ്ടെത്തി നാലഞ്ച് മുട്ടുകള്‍ വരത്തക്കവിധം നീളത്തില്‍ മുറിച്ച് അഗ്രഭാഗത്തുള്ള ഇലകള്‍ ഒഴിച്ച് മറ്റുള്ളവയെ നീക്കംചെയ്ത് മിശ്രിതം നിറച്ച പോളീ ബാഗുകളില്‍ നട്ട് നനച്ച് തണലില്‍ സൂക്ഷിച്ചാല്‍ മൂന്നുമാസം കൊണ്ട് തൈകള്‍ നടാറാകും.

 

പാര്‍ശ്വശാഖകള്‍ പൊതുവേ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും. ഇതൊഴിവാകാന്‍ അൽപം ഗോ മൂത്രം എടുത്തു അതിന്റെ പത്തിരട്ടി വെള്ളം ചേർത്ത് നേര്‍പ്പിച്ച് വള്ളിത്തലകള്‍ ഒരേ ഭാഗത്താക്കി കെട്ടി അഞ്ച് മിനിറ്റ് മുക്കിയ ശേഷം നട്ടാല്‍ എല്ലാ വള്ളികളിലും പെട്ടെന്ന് വേരുപിടിക്കുകയും കരുത്തോടെ വളരുകയും ചെയ്യും. ഇപ്പോൾ വേര് പിടിപ്പിക്കാൻ പറ്റിയ സെറാഡിക്സ്-ബീയ, കെറാഡിക്‌സിന്‍ ലായനി പോലുള്ള ഉത്തേജക മരുന്നുകളും ആഗ്രോ ഷോപ്പുകളിൽ കിട്ടുന്നുണ്ട്.

 

കരിമുണ്ടയും പന്നിയൂര്‍ ഇനങ്ങളുമാണ് കുറ്റിക്കുരുമുളകിന് അനുയോജ്യമായത്. കുരുമുളകു ചെടിയുടെ അധികം മൂപ്പെത്താത്ത തണ്ടൊഴിച്ച് ഏതു നട്ടാലും സാധാരണ വേരു പിടിക്കും.വേര് പിടിപ്പിച്ച തൈകള്‍ മിക്കവാറും എല്ലാ നഴ്‌സറികളില്‍ ഇപ്പോൾ ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാണ്. നഴ്‌സറികളില്‍ നിന്നും തൈകൾ വാങ്ങുമ്പോൾ ഗ്രാഫ്ട് ചെയ്ത തൈകൾ വാങ്ങുന്നതാണ് നല്ലത്.

 

നമ്മൾ പാർശ്വ ശിഖരങ്ങളിൽ വേരുപിടിപ്പിച്ചുണ്ടാക്കുന്ന തൈകൾക്ക് വളർച്ച വളരെ കുറവായിരിക്കുകയും കൂടാതെ കായ്‌ഫലം ഗ്രാഫ്ട് ചെയ്ത തൈകളെ അപേക്ഷിച്ച കുറഞ്ഞിരിക്കുകയും ചെയ്യും.നന്നായി പരിപാലിച്ചാല്‍ ഏറ്റവും കുറഞ്ഞത് 10 വര്‍ഷമെങ്കിലും ഇതില്‍നിന്ന് വിളവ് കിട്ടും. അത് കൊണ്ട് കുറച്ചു വിസ്താരം ഉള്ള നല്ല ചട്ടികളില്‍ വേണം കുറ്റി കുരുമുളക് നടാൻ.

 

ചെടികൾ നടുന്ന രീതി:

 

ചട്ടിയുടെ അടിഭാഗത്തുള്ള ദ്വാരങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സുഗമമായി പോകാന്‍ തക്കവിധം ഓടുകഷ്ണങ്ങള്‍ വെച്ച് അതിനോടുചേര്‍ത്ത് അല്പം ചരലുമിട്ട് തുല്യ അളവില്‍ മേല്‍മണ്ണും മണലും ജൈവ വളം, ചാണക പൊടി ചേര്‍ന്ന മിശ്രിതം ചട്ടിയുടെ പകുതിഭാഗം നിറച്ച് അതില്‍ രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വിതറി തൈകള്‍ നട്ട് വീണ്ടും ചട്ടിയുടെ മുക്കാല്‍ഭാഗം മിശ്രിതം നിറയ്ക്കണം. മുടങ്ങാതെ നനയ്ക്കുകയും വേണം.

 

നടുമ്പോൾ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കടത്തി നട്ടാല്‍ ചെടി നേരെ വളര്‍ന്ന് കുഴലിന്റെ മുകള്‍ഭാഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്‍ശ്വ ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകമ്പി വളയം ചട്ടിയില്‍വെച്ച് വളര്‍ത്തിയാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും.

 

നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മേല്‍പ്പറഞ്ഞതുപോലെ മിശ്രിതം നിറച്ച് നടാം. നേരിട്ടുള്ള സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്.

 

വള പ്രയോഗം:

 

ചെടി വളർന്ന് തുടങ്ങുമ്പോൾ ഓരോ ചുവടിനും ഒരു പിടി കടലപ്പിണ്ണാക്കുംഒരു പിടി വേപ്പിന്‍പിണ്ണാക്കും ഒരാഴ്ച ഇടവിട്ട് ചേര്‍ത്താല്‍ വളര്‍ച്ച മെച്ചപ്പെടും. ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, വെർമിവാഷ്‌ നേർപ്പിച്ചത്, ഗോമൂത്രം നേർപ്പിച്ചത് എന്നിവ മിതമായതോതിൽ ഒഴിച്ചുകൊടുക്കാം.

 

ഒരു ചട്ടിക്ക് ഒരു മാസം 20 ഗ്രാം വേപ്പിൻപിണ്ണാക്ക് പൊടിച്ചതും കടലപ്പിണ്ണാക്ക് കുതിർത്തതും ചേർത്ത് കലക്കി അതിന്റെ നേർപ്പിച്ച വെള്ളം ചെടികളുടെ തടത്തിൽ ഒഴിച്ച് കൊടുത്താൽ ചെടികൾക്ക് വേണ്ടത്ര നൈട്രജൻ കിട്ടുന്നതിന് സഹായിക്കും.

 

നല്ല വിളവ് കിട്ടാൻ രാസ വളം ചേർക്കണം എന്ന് നിർബന്ധം ഉള്ളവർക്ക് രണ്ട് ഗ്രാം യൂറിയ, 2.5 ഗ്രാം ഫോസ്ഫറസ്, നാല് ഗ്രാം പൊട്ടാഷ് എന്നിവ രണ്ടു മാസം ഇടവിട്ട് ചേര്‍തു കൊടുക്കുന്നതും നല്ലതാണ്.

 

കുറ്റികുരുമുളക് എപ്പോഴും കുറ്റിയായിത്തന്നെ നിർത്തുക, വള്ളികൾ നീണ്ടുവരികയാണെങ്കിൽ മുറിച്ച് കോതി നിലനിർത്തണം.വേപ്പിന്‍ പിണ്ണാക്കിട്ടാല്‍ രോഗ കീടങ്ങള്‍ അധികം കുറ്റികുരുമുളകിനെ ബാധിക്കാറില്ല. കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂഡോമോണോസ് ലായിനി തളിയ്ക്കുന്നത് നല്ലതാണ്.

 

ഇലപ്പേന്‍, ശല്‍ക്ക കീടങ്ങളുടെ ആക്രമണം ഇവ തടയാന്‍ വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം തളിച്ചാല്‍ മതിയാകും. ദ്രുതവാട്ടം തടയാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിയ്ക്കണം.കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയായതിനാല്‍ നനയ്ക്കുമ്പോൾ ചുവട്ടില്‍ മാത്രം ഒഴിക്കാതെ വെള്ളം ഇലകളിൽ കൂടി വീഴത്തക്കവണ്ണം ചെടി മൊത്തമായി നനയ്ക്കുക. സാധാരണ കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ കായ് തരുമ്പോള്‍ കുറ്റിക്കുരുമുളകില്‍ നിന്നും വർഷം മുഴുവന്‍ കായ്കള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.  വേനല്‍ക്കാലത്ത് തണല്‍ നല്‍കിയാല്‍ ഇല കരിച്ചില്‍ തടയാനും പുതയിട്ടാല്‍ ജലസേചനം കുറയ്ക്കുകയും ചെയ്യാം. കുറ്റികുരുമുളക് തിപ്പലിയില്‍ ഗ്രാഫറ്റ് ചെയ്തും ഉല്പാദിപ്പിക്കുന്നുണ്ട്.അത്തരം ചെടികൾ ദ്രുതവാട്ടത്തെ അതിജീവിക്കാറുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *