കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പരുക്കേറ്റ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥികളായ മുഹമ്മദ് ആദിൽ, സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ, ബിഷിർ എന്നിവരുടെ പരാതിയിൽ പ്ലസ് ടു വിദ്യാർഥികൾക്കെതിരെയാണു പൊലീസ് കേസ്. രണ്ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം 5 പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ സസ്പെൻഷനിലായവരുടെ എണ്ണം 7 ആയി. വിദ്യാർഥികൾ സ്കൂൾ പ്രിൻസിപ്പലിനു നൽകിയ പരാതി പൊലീസിനു കൈമാറി.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയുണ്ടായ സംഘർഷത്തിൽ 4 വിദ്യാർഥികൾക്കാണു പരുക്കേറ്റത്. വിദ്യാർഥിയുടെ കഴുത്തിലും മുതുകിലും കോംപസ് കൊണ്ടു കുത്തേറ്റു. വിദ്യാർഥികളുടെ കൈ വടികൊണ്ടു തല്ലിയൊടിക്കുകയും ചെയ്തു. പ്ലസ് ടു– പ്ലസ് വൺ വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞയാഴ്ച റാഗിങ്ങുമായി ബന്ധപ്പെട്ട് 5 പ്ലസ്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർഥികൾ അടക്കമുള്ളവർക്കാണു മർദനമേറ്റത്. സസ്പെൻഷനിലായ വിദ്യാർഥികളുടെ സുഹൃത്തുക്കളായ പ്ലസ് ടു വിദ്യാർഥികളാണ് ആക്രമത്തിനു പിന്നിലെന്നാണു വിവരം.
Related