കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ, കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്ക്കാരം കരസ്ഥമാക്കി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന “ഒരുക്കം 2024 ” എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുടെ മീറ്റിംഗിൽ വച്ച് ,കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ, ഹയർ സെക്കണ്ടറി കേരള സ്റ്റേറ്റ് പ്രോഗ്രാം കോഓർഡിനേറ്റർ ജേക്കബ് ജോൺ, പ്രിൻസിപ്പൽ കോഓർഡിനേറ്റർ മനോജ് കുമാർ എന്നിവരുടെ പക്കൽ നിന്നും സ്കൂളിനുവേണ്ടി പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ സ്മിത കെ, മാനേജ്‌മെന്റ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി, എൻ എസ് എസ് വോളന്റീയർ പ്രതിനിധികൾ എന്നിവർ ചേർന്ന് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി.
സ്കൂളിലെ എൻ എസ് എസിന്റെ ചിട്ടയായ പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി ക്ലസ്റ്റർ കോഡിനേറ്ററും കരുവമ്പൊയിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഹിസ്റ്ററി അദ്ധ്യാപകനുമായ രതീഷ് ടി യുടെ നിറഞ്ഞ പിന്തുണയും പ്രോത്സാഹനവും ലഭിച്ചുകൊണ്ടിരിക്കുന്നു. പ്രോഗ്രാം ഓഫീസർ സ്മിത കെ, 2022-23 പ്രവർത്തന വർഷങ്ങളിലെ വോളണ്ടിയേഴ്സ്, ഇപ്പോൾ വോളണ്ടിയർ ലീഡേഴ്‌സായ ലിയ ജോസഫ്, ബ്രിന്റോ റോയ്, പി ടി എ, മാനേജ്‌മെന്റ്, അദ്ധ്യാപകർ, പ്രിൻസിപ്പൽ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് എൻ എസ് എസിനെ മികവിന്റെ തലത്തിലേക്കുയർത്തിയത്. തിരുവമ്പാടി ക്ലസ്റ്ററിൽനിന്നും രണ്ടാം തവണയാണ് സെന്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ് പ്രസ്തുത അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്.
പാതയോരങ്ങൾ മനോഹരമക്കാനുള്ള സ്നേഹാരാമം പദ്ധതി, ഹരിത കർമ്മ സേനക്കും ആശാ വർക്കർമാർക്കുമൊപ്പമുള്ള വോളന്റീയേർസിന്റെ ശുചിത്വ പ്രവർത്തനങ്ങൾ,ഭവന നിർമ്മാണ പ്രവർത്തന സഹായങ്ങൾ, മില്ലറ്റ് കൃഷി, നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഭിന്നശേഷി സൗഹൃദ സഹായ പ്രവർത്തനങ്ങൾ, തുടങ്ങി നിരവധി പ്രവർത്തങ്ങളാണ് മികവോടെ എൻ എസ് എസ് പൂർത്തീകരിച്ചത്.