അക്കൗണ്ടിൽ ദുരിതാശ്വാസ തുക എത്തിയപ്പോൾ ഇഎംഐ പിടിച്ചുപറിച്ച് ബാങ്ക്; എല്ലാം തകര്‍ന്ന് നിൽക്കുന്നവരോട് ക്രൂരത

കൽപ്പറ്റ : വയനാട്ടിലെ ദുരന്തബാധിതരിൽ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യുടെയും(എസ് എൽ ബി സി) സർക്കാരിൻ്റെയും ഉറപ്പ് പാഴ് വക്കായി. ചൂരൽമലയിലെ കേരള ഗ്രാമീണ ബാങ്കിൽ നിന്ന് വായ്പ എടുത്തവരിൽ നിന്ന് ഇഎംഐ പിടിച്ചു. സർക്കാരിൽ നിന്നുളള അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെയാണ് അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി നീക്കിവച്ചിരുന്ന തുക ഒറ്റയടിക്ക് പിടിച്ചിരിക്കുന്നത്.

 

വീടുപണിക്ക് വേണ്ടി ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പ എടുത്തതാണ് പുഞ്ചിരി മട്ടത്തെ മിനിമോൾ. ഉരുൾപ്പൊട്ടൽ ബാധിത പ്രദേശത്ത് നിന്നും തൽകാലത്തേക്ക് വായ്പ തിരിച്ചടവ് പിടിക്കില്ലെന്നായിരുന്നു പ്രതീക്ഷ. പക്ഷെ അക്കൗണ്ടിൽ നിന്ന് ഒറ്റയടിയ്ക്ക് പണം പോയതിൻ്റെ അങ്കലാപ്പിലാണ് മിനിമോൾ. ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല.

 

മുണ്ടക്കൈ ചൂരൽമല പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികൾ വായ്പയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഗ്രാമീണ ബാങ്കിനെയാണ്. ഉരുൾപ്പൊട്ടലിന്റെ ഇരയായ ഈ പാവപ്പെട്ടവരുടെ പണമാണ് സർക്കാർ സഹായം വന്ന ഉടനെ പിടിച്ചത്. പശുക്കളെ വാങ്ങാനാണ് കേരള ഗ്രാമീണ ബാങ്കിൽ നിന്ന് ഉരുൾപ്പൊട്ടൽ ബാധിതനായ രാജേഷ് വായ്പ എടുത്തത്. വീടും പശുക്കളും എല്ലാം മലവെളളപ്പാച്ചിലിൽ ഒലിച്ചു പോയി. ജീവൻ മാത്രം ബാക്കിയായി.

 

അക്കൗണ്ടിലേക്ക് സർക്കാരിൽ നിന്നുളള അടിയന്തിര ധനസഹായം എത്തിയതിന് പിന്നാലെ പക്ഷെ തിരിച്ചടക്കാനുള്ള തുക ബാങ്ക് കൃത്യമായി പിടിച്ചു. ബാങ്കുകൾ വായ്പ എഴുതി തള്ളിയില്ലെങ്കിലും തിരിച്ചടവിന് കുറച്ച് സാവകാശമെങ്കിലും തരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. എന്നാൽ എസ് എൽ ബി സിയുടെ വിശദ റിപ്പോർട്ട് കിട്ടിയാൽ മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്നാണ് ഗ്രാമീണ ബാങ്കിൻ്റെ വിശദീകരണം.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *