ഉരുൾപൊട്ടൽ ദുരന്തത്തിൽ താത്ക്കാലിക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് വാടക ഓണത്തിന് മുമ്പ് നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ചുണ്ടേൽ സ്കൂളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. താത്ക്കാലിക വീടുകളിൽ കഴിയുന്ന 535 കുടുംബങ്ങളുടെ വാടക ബാങ്ക് അക്കൗണ്ടുകൾ മുഖേന നൽകുന്നതിന് വൈത്തിരി താലൂക്ക് ഓഫീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 174 പേരുടെ വിവരങ്ങൾ അടങ്ങിയ പുതിയ ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, തഹൽസിദാർ, താലൂക്ക് ഓഫീസ് പഞ്ചായത്ത് തഹൽസീദാർ എന്നിവർ ഉൾപ്പെടുന്ന മൂന്ന് അംഗ സംഘം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 24 പേർ സ്വന്തം വീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്. മാറിതാമസിച്ചവരുടെ മുഴുവൻ ലിസ്റ്റ് തയ്യാറാക്കുന്നതിന് മുമ്പ് ഇവർക്ക് ഏതെങ്കിലും വിധത്തിൽ കുടിശ്ശിക ഓണം ഉണ്ടെങ്കിൽ അത് നൽകും. റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇത് സംബന്ധിച്ച് പ്രത്യേകം നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.