ബെംഗളൂരു: സൈബർ തട്ടിപ്പ് കേസുകളിൽ കോഴിക്കോട്, എറണാകുളം സ്വദേശികളായ മൂന്നുപേരെ മംഗളൂരു പോലീസ് കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. സി.ബി.ഐ. ഉദ്യോഗസ്ഥൻ എന്ന വ്യാജേന മംഗളൂരു കാവൂർ സ്വദേശിയിൽനിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം സൗത്ത് തൻയേൽ വീട്ടിൽ ടി.എച്ച്. മുഹമ്മദ് നിസാ(33)റിനെയും മറ്റൊരു കേസിൽ കോഴിക്കോട് തിരുവണ്ണൂർ സ്വദേശി കെ.പി. സാഹിൽ (20), കൊയിലാണ്ടി മാപ്പിളവീട്ടിൽ മുഹമ്മദ് നഷാത്ത് (20) എന്നിവരെയുമാണ് കാവൂർ പോലീസ് പിടികൂടിയത്.
സി.ബി.ഐ. ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാളെ വിളിച്ച് മയക്കുമരുന്നു കേസുകളിലും മറ്റും ഉൾപ്പെട്ടിട്ടുണ്ടെന്നും കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ പണം തരണമെന്നും പറഞ്ഞാണ് മുഹമ്മദ് നിസാർ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആറ് സൈബർ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് സാഹിലും നഷാത്തും ചേർന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്നും നാല് സൈബർ ക്രൈം കേസുകൾ ഇവർക്കെതിരേ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.