കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തിൽ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി. തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി.പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകൾ തീയിട്ടതെന്നാണ് പ്രതിയുടെ മൊഴി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചിറക്കരയിലെ ഇൻഡക്സ് ഗ്രൂപ്പിന്‍റെ കാർ ഷോറൂമിൽ തീപിടുത്തമുണ്ടായത്. മൂന്ന് മാരുതി കാറുകളാണ് കത്തിനശിച്ചത്. നാൽപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.
പരിശോധന നടത്തിയ പൊലീസിന് കാറുകള്‍ക്ക് തീപിടിച്ചതല്ല, മനപൂര്‍വം ആരോ തീയിട്ടതാണെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്നാണ് തലശ്ശേരി പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പുലർച്ചെ 3.40ന് ഒരാൾ വാഹനങ്ങൾക്ക് മുകളിൽ ദ്രാവകമൊഴിച്ച് തീയിടുന്നതിന്‍റെ അവ്യക്തമായ ദൃശ്യങ്ങൾ കിട്ടി. സ്ഥാപനത്തിലെ ജീവനക്കാരനായ സജീറിലാണ് അന്വേഷണം ചെന്നെത്തിയത്. രണ്ട് വർഷമായി സ്ഥാപനത്തിലെ ഫീൽഡ് എക്സിക്യുട്ടീവാണ് സജീര്‍. പിടിയിലായ സജീർ കുറ്റം സമ്മതിച്ചു.
തീയിട്ടതിന്‍റെ കാരണം വിചിത്രമാണെന്ന് പൊലീസ് പറഞ്ഞു. ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയ പണം ഷോറൂമിൽ അടക്കാതെയും വ്യാജ രസീത് നൽകിയും ഇയാൾ മുപ്പത് ലക്ഷത്തോളം രൂപ തിരിമറി നടത്തി. സംഭവത്തിൽ പരാതി വരുമെന്നായപ്പോൾ പ്രതി കണ്ട വഴിയാണ് തീയിടൽ. പുത്തൻ കാറുകൾ കത്തിച്ചാൽ, മുഴുവൻ ശ്രദ്ധ അതിലാകുമെന്നും ഉടൻ പിടിക്കപ്പെടില്ലെന്നും കരുതി സജീറെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
30.