മാനന്തവാടി :വള്ളിയൂർക്കാവിൽ വിത്തുത്സവത്തിന് തുടക്കമായി ‘ഫെയർ ട്രേഡ് അലയൻസ് കേരളയുടെ 11-ാം വിത്തുത്സവം മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്ര മൈതാനത്ത് വച്ച് ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സ്ഥാപക ഡയറക്‌ടർ ക്ളോഡ് അൽവാരസ് ഉദ്ഘാടനം ചെയ്തു. അഭിനേതാവും ജൈവ കർഷകനുമായ പ്രകാശ് രാജ് മുഖ്യാതിഥിയായിരുന്നു. തദ്ദേശീയവും അന്യം നിന്നു പോകുന്നതുമായ വിത്തിനങ്ങളുടെയും, നടീൽ വസ്തുക്കളുടെയും വളർത്തുമൃഗങ്ങളുടെയും അതിവിപുലവുമായ പ്രദർശനവും കൈമാറ്റവും ഒരുക്കുന്ന വിത്തുത്സവം ജനുവരി 22 മുതൽ 27 വരെ തീയതികളിലായാണ് നടത്തപ്പെടുന്നത്. 400 ൽ പരം വാഴയിനങ്ങൾ, 150 പരം നാടൻ പയർ ഇനങ്ങൾ, നെൽവിത്തിനങ്ങൾ, നിരവധി കിഴങ്ങ് വർഗ്ഗങ്ങൾ എന്നിങ്ങനെ കേരള കാർഷിക വൈവിധ്യത്തിന്റെ വിപുലമായ ശേഖരമാണ് ഒരുക്കപ്പെടുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ജൈവ കർഷക കൂട്ടായ്‌മയായ ഫെയർ ട്രേഡ് അലയൻസ് കേരളയാണ് വിത്സവത്തിന് ആതിത്യമരുളുന്നത്. ഉദ്ഘാടന സമ്മേളനത്തിന് ചെയർമാൻ സണ്ണി ജോസഫ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി സെലിൻ മാനുവൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനുരാധ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ, വള്ളിയൂർകാവ് വാർഡ് കൗൺസിലർ കെ ഡി സുനിൽകുമാർ, റോളിഞ്ജർ സ്പൈസസ് ഫ്രാൻസ് പ്രതിനിധി മത്തിൽഡെ റോളിഞ്ജർ, തോമസ് കളപ്പുര എന്നിവർ സംസാരിച്ചു.