ന്യൂഡൽഹി: വോട്ടർ പട്ടികയിൽ അട്ടിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ ഐഡി കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം.ഇത് സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി സിഇഒ, ലെജിസ്ലേറ്റീവ് സെക്രട്ടറി എന്നിവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. മാർച്ച് 18നാണ് യോഗം.പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.
മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരത്തിലെത്തിയത് വോട്ടർ പട്ടികയിൽ അട്ടിമറി നടത്തിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും ബിജെപി അട്ടിമറിക്ക് ശ്രമിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു.2021ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടുവന്നിരുന്നു. 66 കോടിയോളം പേരുടെ ആധാർ നമ്പർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാർലമെന്റിൽ സർക്കാർ അറിയിച്ചു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ ക്രമക്കേടിനുള്ള സാധ്യത കുറയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം.