ന്യൂഡല്‍ഹി : ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻ.സി.ആർ) കനത്ത മഴയും കാറ്റും. ചില ഭാഗങ്ങളില്‍ പൊടിക്കാറ്റും അനുഭവപ്പെട്ടു. ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ഡല്‍ഹിയില്‍ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ കിഴക്കൻ, വടക്കൻ, ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
മേയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ നേരിയ മഴയോ ഇടയ്ക്കിടെയുള്ള കാറ്റോടു കൂടിയ മഴയോ ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നഗരത്തില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിലെല്ലാം മഴയും കാറ്റും പ്രതീക്ഷിക്കാം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. ചിലപ്പോള്‍ മണിക്കൂറില്‍ 50 കിലോമീറ്റർ വേഗതയില്‍ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ മൂന്ന് ദിവസങ്ങളില്‍ മേഘാവൃതമായ ആകാശവും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ 5.30 നും 5.50 നും ഇടയില്‍ പ്രഗതി മൈതാനത്ത് മണിക്കൂറില്‍ 78 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശി. ഇഗ്നോ (മണിക്കൂറില്‍ 52 കിലോമീറ്റർ), നജഫ്ഗഡ് (മണിക്കൂറില്‍ 56 കിലോമീറ്റർ), ലോധി റോഡ് (മണിക്കൂറില്‍ 59 കിലോമീറ്റർ), പിതംപുര (മണിക്കൂറില്‍ 59 കിലോമീറ്റർ) എന്നിവയാണ് 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശിയ മറ്റ് സ്ഥലങ്ങള്‍.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ആളുകള്‍ വീടിനുള്ളില്‍ തുടരണമെന്നും നിർദേശമുണ്ട്. വടക്കൻ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, തെക്കുപടിഞ്ഞാറൻ രാജസ്ഥാൻ, ഒഡീഷ, ഛത്തീസ്ഗഢ്, തെക്കൻ ഗംഗാതീര പശ്ചിമ ബംഗാള്‍, വടക്കൻ തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 70-80 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
”ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ ചില വിമാനങ്ങള്‍ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്, ഇത് ഞങ്ങളുടെ മൊത്തത്തിലുള്ള വിമാന ഷെഡ്യൂളിനെ ബാധിച്ചേക്കാം. തടസ്സങ്ങള്‍ പരമാവധി- കുറയ്ക്കാൻ പരമാവധി ശ്രമിക്കുകയാണ്”എയർ ഇന്ത്യ എക്സില്‍ കുറിച്ചു