ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെങ്കിലും ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. പാകിസ്‌താന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ തക്ക മറുപടി നൽകാൻ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്താൻ വെടിയുതിർത്താൽ ഇന്ത്യ തിരിച്ച് കൂടുതൽ ശക്തമായി വെടിയുതിർക്കുമെന്നാണ് മേയ് ഏഴാം തീയതി പാകിസ്‌താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഭീകരകേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന സമീപനം. പാകിസ്താൻ നിർത്തിയാൽ ഇന്ത്യയും അവസാനിപ്പിക്കും. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തലത്തിലുള്ള ചർച്ചകൾ മാത്രമേ ഇസ്ലാമാബാദുമായി ന്യൂഡൽഹി നടത്തുകയുള്ളൂ. അവരുമായി വേറെ വിഷയങ്ങളൊന്നും ചർച്ചചെയ്യാനില്ലെന്നും ഉന്നതവൃത്തങ്ങൾ കൂട്ടിച്ചേർത്തു.