തൃശൂർ : പത്രപരസ്യം നല്‍കി ഓണ്‍ലൈൻ ഷെയർ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനംചെയ്ത് ഇരിങ്ങാലക്കുട കിഴുത്താണി സ്വദേശിയില്‍നിന്ന് 1,34,50,000 രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യ ഏജന്റായി പ്രവർത്തിച്ച യുവാവ് അറസ്റ്റില്‍.വയനാട് വൈത്തിരി ചുണ്ടേല്‍ ചാലംപാട്ടില്‍ ഷനൂദിനെയാണ് (23) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
എക്കണോമിക് ടൈംസ് ദിനപത്രത്തില്‍ വന്ന ഷെയർ ട്രേഡിങ് പരസ്യം കണ്ട് താല്‍പര്യം പ്രകടിപ്പിച്ച പരാതിക്കാരനെ തട്ടിപ്പുസംഘം വാട്സ്‌ആപ് ഗ്രൂപ്പില്‍ ചേർക്കുകയായിരുന്നു. ട്രേഡിങ്ങിനായി ഒരു ലിങ്ക് നല്‍കി. 2024 സെപ്റ്റംബർ 22 മുതല്‍ ഒക്ടോബർ 31 വരെ കാലയളവില്‍ പലതവണകളായി തൃശൂരിലെയും ഇരിങ്ങാലക്കുടയിലെയും വിവിധ ബാങ്കുകള്‍ വഴി പ്രതികള്‍ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണം നിക്ഷേപിച്ചു.
തട്ടിയെടുത്ത പണത്തില്‍ 14 ലക്ഷം രൂപ ഷനൂദിന്റെ പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ പണത്തില്‍നിന്ന് നാലു ലക്ഷം രൂപ ഉപയോഗിച്ച് ഇയാള്‍ മലപ്പുറത്തെ ജ്വല്ലറിയില്‍നിന്ന് സ്വർണം വാങ്ങി. തട്ടിപ്പുസംഘത്തിന്റെ ഏജന്റായി പ്രവർത്തിച്ചതിനുള്ള പ്രതിഫലമായാണ് ഷനൂദ് തുക കൈപ്പറ്റിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ സമാനമായ ആറു കേസുകള്‍ നിലവിലുണ്ടെന്നും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.
തൃശൂർ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ രമ്യ കാർത്തികേയൻ, അശോകൻ, സുജിത്ത്, ടെലികമ്യൂണിക്കേഷൻ സി.പി.ഒമാരായ സുദീഫ്, പ്രവീണ്‍ രാജ്, ഡ്രൈവർ സി.പി.ഒ അനന്തു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.