വിദ്യാർത്ഥികളിലെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കാൻ തരിയോട് ഗവ എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് തുടക്കമായി. കഥകളിലൂടെയും കവിതകളിലൂടെയും വായനയുടെ പ്രാധാന്യം വരച്ചുകാട്ടി വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അധ്യാപികയും എഴുത്തുകാരിയുമായ പി കെ ഷാഹിന ടീച്ചർ നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു.
പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയിൽ പ്രധാനധ്യാപകൻ ജോൺസൺ ഡിസിൽവ, ബാലൻ മാസ്റ്റർ, എം.പി.ടി.എ പ്രസിഡന്റ് രാധിക ശ്രീരാഗ്, സീനിയർ അസിസ്റ്റൻ്റ് എം.പി ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.