ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റത് 1,31,244 പേർക്കെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. സംസ്ഥാന ബാലാവകാശ കമ്മിഷനിൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ പേവിഷബാധയേറ്റ് മരിച്ചത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിൽ ബാലാവകാശ കമ്മിഷൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. തുടർന്നാണ് ആരോഗ്യ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്.
2025 ജനുവരി മുതൽ മേയ് വരെ മരിച്ച 16 പേരിൽ അഞ്ചു പേർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണ്. 2021 മുതൽ 2024 വരെ മരിച്ച 89 പേരിൽ 18 പേർ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നുവെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിലുണ്ട്.
തെരുവുനായ ആക്രമിച്ച പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ 12കാരി, മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഏഴു വയസുകാരി, കൊല്ലം പത്തനാപുരം സ്വദേശിയായ ആറു വയസുകാരി എന്നിവരുടെ മരണം നാഡികളിലൂടെ വൈറസ് വേഗം ശരീരത്തിൽ കടന്നതിനാലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. വൈറസ് വേഗം ശരീരത്തിൽ പ്രവേശിച്ചതിനാൽ വാക്സിൻ ഫലപ്രദമായില്ല. മൂന്ന് കുട്ടികളും ആദ്യ ഘട്ട ചികിത്സ തേടിയ സർക്കാർ ആശുപത്രികളിൽ ആവശ്യമായ പ്രതിരോധരോധ വാക്‌സിൻ ഇല്ലായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.