വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 430 മുതല്‍ 480 രൂപവരെയാണിപ്പോള്‍ കേരളത്തിലെ വില. തേങ്ങയ്ക്ക് 80 മുതല്‍ 95 രൂപയും. ഓണമെത്തുന്നതോടെ വെളിച്ചെണ്ണ വില 500 കടക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. പ്രാദേശികമായി പല സ്ഥലങ്ങളിലും വെളിച്ചെണ്ണ വില വ്യത്യാസമുണ്ട് കേരളത്തില്‍ തേങ്ങ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണം. തെങ്ങിന്‍ തോപ്പുകള്‍ കെട്ടിടങ്ങള്‍ക്കും മറ്റും വഴിമാറിയതോടെ തേങ്ങയ്ക്കും മലയാളിക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വീട്ട് മുറ്റത്ത് ഒന്നോ രണ്ടോ തൈങ്ങിന്‍ തൈ നട്ടാല്‍ ഭാവിയില്ലെങ്കിലും നമുക്ക് ആവശ്യമുള്ള സ്വയം കണ്ടെത്താം. ഇതിനു പറ്റിയ സമയമാണിപ്പോള്‍.
തെങ്ങ് നടാന്‍ നിലമൊരുക്കാം
തെങ്ങ് നടാന്‍ വേണ്ടി നിലമൊരുക്കലാണ് ആദ്യ പടി. വെള്ളക്കെട്ടുണ്ടാകുന്ന ലങ്ങള്‍ തെങ്ങിന് അനുയോജ്യമല്ല. നടാനുള്ള കുഴികള്‍ക്ക് 1 മീറ്റര്‍ വീതം നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. ചെങ്കല്‍ പ്രദേശമാണെങ്കില്‍ കുഴികള്‍ക്ക് കുറച്ചു കൂടി നീളവും വീതിയും ആഴവും വേണം. വെയിലുള്ള സ്ഥലം വേണം ഇതിനായി തെരഞ്ഞെടുക്കാന്‍.
കുഴിയൊരുക്കാം
മേല്‍മണ്ണും ചാണകപ്പൊടിയും ചാരവും കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഉപയോഗിച്ച് കുഴിയുടെ മുന്നില്‍ ഒരു ഭാഗം നിറക്കുക. ഇതിന്റെ നടുക്ക് ഒരു തേങ്ങാ മൂടാന്‍ വിധം പിള്ളക്കുഴി ഉണ്ടാക്കി അതില്‍ തൈ വെച്ച് മണ്ണിട്ട് ഉറപ്പിക്കുക. താങ്ങുകാല്‍ നാട്ടി അതിനോട് മുകള്‍ഭാഗം ചേര്‍ത്ത് കെട്ടുക. വേനല്‍ക്കാലത്ത് തീവ്രതയേറിയ വെയിലില്‍ നിന്നും സംരക്ഷിക്കാന്‍ മടഞ്ഞ ഓലയോ വാഴകളോ കുഴിക്കരയില്‍ കുത്തി വെക്കുക. തൈക്കുഴിയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് കുഴിയിലേക്ക് വെള്ളം ഒലിച്ചിറങ്ങാതിരിക്കാന്‍ ചുറ്റും വരമ്പ് തീര്‍ക്കുക.
ഇനങ്ങള്‍
കേരളത്തിന് അനുയോജ്യമായ ധാരാളം തെങ്ങ് ഇനങ്ങളുണ്ട്. ഇതില്‍ പ്രധാന നാടന്‍ ഇനമാണു കുറ്റിയാടി. രോഗ പ്രതിരോധ ശേഷി കൂടിയ ഇനമാണിത്, നല്ല വലിപ്പം വയ്ക്കും. ചന്ദ്ര, കല്‍പ്പ, കേരചന്ദ്ര, കല്‍പപ്രതിഭ, കല്‍പമിത്ര, കേരകേരളം തുടങ്ങിയ ഇനങ്ങളും കേരളത്തിന് അനുയോജ്യമാണ്. ഇവയെല്ലാം വലിയ ഇനങ്ങളാണ്. കുറിയ ഇനം തെങ്ങുകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. തെങ്ങ് കയറ്റ തൊഴിലാളികളെ ലഭിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലാണിത്. ഗംഗാബോണ്ടം പോലുള്ള ഇനങ്ങള്‍ ഉണ്ടെങ്കിലും ഇവ കരിക്കിനാണ് ഏറെ അനുയോജ്യം.