ബത്തേരി: പുലിഭീതിക്കുപിന്നാലെ കടുവ ഭീതിയിലായ ചീരാലിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആളുകള്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തി.ഇന്നലെ രാവിലെ പത്തരയോടെയാണ് ആക്ഷൻകമ്മിറ്റി പ്രവർത്തകർ ഓഫീസിലെത്തിയത്. കഴിഞ്ഞ നാല് ദിവസമായി സ്ഥിരമായി ചീരാല്‍, മുണ്ടക്കൊല്ലി, ചീരാല്‍ മുത്താച്ചികുനി എന്നിവിടങ്ങളില്‍ കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ രാവിലെ മുണ്ടക്കൊല്ലി കൊട്ടകുണ്ടില്‍ വീണ്ടും കടുവയെ കണ്ടതോടെയാണ് ആക്ഷൻകമ്മറ്റി പ്രതിഷേധവുമായെത്തിയത്. പ്രദേശവാസിയായ പൈക്കാട്ടില്‍ ജോസഫാണ് തന്‍റെ കൃഷിയിടത്തില്‍ കടുവയെ കണ്ടത്. ജോസഫ് ഓടി രക്ഷപ്പെടുകയായിരുന്നു. രാപകല്‍ വ്യത്യാസമില്ലാതെയാണ് കടുവയുടെ സാനിധ്യം മേഖലകളിലുണ്ടായത്. എന്നിട്ടും ഒരു കാമറപോലും വയ്ക്കാൻ അധികൃതർ തയാറിയില്ലെന്ന് ആക്ഷൻകമ്മിറ്റി ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ മോപ്പാടി റേഞ്ച് ഓഫീസർ കെ.വി. ബിജു, മുത്തങ്ങ അസിറ്റന്‍റ് വൈല്‍ഡ് ലൈഫ് വാർഡൻ സഞ്ജയ്കുമാർ എന്നിവർ സ്ഥലത്തെത്തി.
കടുവയുടെ സാനിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളിലടക്കം ആർആർടി തെരച്ചില്‍ നടത്തും, കാമറകള്‍ സ്ഥാപിക്കും, കൂട് വക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പുകള്‍ നല്‍കിയതോടെയാണ് ഒന്നരമണിക്കൂർ നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ചത്. ചർച്ചയ്ക്ക് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ സി. ശിവശങ്കരൻ, കെ.ആർ. സാജൻ,
എം.എ. സുരേഷ്, പ്രസന്ന ശശീന്ദ്രൻ, കെ.വി. ക്രിസ്തുദാസ്, എ.കെ. രാജൻ, എം. അജയൻ, എ.ബി. രജീഷ് എന്നിവർ നേതൃത്വം നല്‍കി. തുടർന്ന് വൈകുന്നേരത്തോടെ നാല് കാമറകള്‍ കടുവയെ കണ്ട സ്ഥലങ്ങളില്‍ സ്ഥാപിച്ചു. രാത്രി കാലങ്ങളില്‍ പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചു.