തിരുവനന്തപുരം: തിരുവനന്തപുരം-ദില്ലി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ്റിംഗ്. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. അതേസമയം, ചെന്നൈയിൽ രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ചു. പിന്നീട് ഒരു മണിക്കൂർ പറന്ന ശേഷമാണ് സിഗ്നൽ തകരാർ കണ്ടെത്തിയത്.
രണ്ട് മണിക്കൂറോളം സമയം വിമാനം ചെന്നൈയ്ക്ക് മുകളിൽ പറന്നെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. റഡാർ ബന്ധത്തിൽ തകരാർ ഉണ്ടെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. ആദ്യം ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നതിനാൽ സാധിച്ചില്ല. പിന്നീട് അര മണിക്കൂറിനു ശേഷമാണ് ലാന്റ് ചെയ്യാനായത്. 12 മണിക്ക് ശേഷം മറ്റൊരു വിമാനത്തിൽ ദില്ലിക്ക് പോകാമെന്നു പ്രതീക്ഷയെന്നും 7.45ന് ശേഷമാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടതെന്നും അടൂർ പ്രകാശ് എംപി പറഞ്ഞു.
ലാൻഡിംഗിനിടെ വൻ ദുരന്തത്തിൽ നിന്ന് ഒഴിവായെന്ന് കെസി വേണു ഗോപാൽ എംപി പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അടിയന്തര ലാൻഡിംഗിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും കെസി വേണു ഗോപാൽ പറഞ്ഞു.