കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് 22 കാരറ്റ് സ്വർണം പവന് 1200 വർധിച്ചതോടെയാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയത്. 76,960 രൂപയാണ് ഇന്ന് പവൻ സ്വർണത്തിന് നൽകേണ്ട വില. ആഭരണം വാങ്ങുമ്പോൾ പണിക്കൂലി ഉൾപ്പെടെ നൽകേണ്ടതിനാൽ ഒരു പവൻ സ്വർണം ലഭിക്കാൻ 80,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.
22 കാരറ്റ് സ്വർണം ഗ്രാമിന് 150 രൂപയാണ് ഇന്ന് വർധിച്ചത്. 9,620 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെറെ ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 75,760 രൂപയും ഗ്രാമിന് 9,470 രൂപയുമായിരുന്നു വില. ഈ മാസത്തിൻ്റെ തുടക്കത്തിൽ 73,200 രൂപയായിരുന്നു സ്വർണവില. എന്നാൽ മാസം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ 3700 രൂപ വർധിച്ച് 76,960 രൂപയിൽ എത്തി. ഈ മാസമുടനീളം ചാഞ്ചാടിയ വില ഇപ്പോൾ കുതിച്ചുയരുകയാണ്.