മാഡ്രിഡ്: തെക്കൻ സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6.40ന് കോർഡോബ നഗരത്തിനടുത്തുള്ള ആദമുസ് എന്ന സ്ഥലത്താണ് അപകടം നടന്നത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിർദിശയിൽ മാഡ്രിഡിൽ നിന്ന് ഹുവെൽവയിലേക്ക് വരികയായിരുന്ന രണ്ടാമത്തെ ട്രെയിൻ ഇതിലേക്ക് ഇടിച്ച് പാളം തെറ്റിയതോടെയാണ് വലിയ ദുരന്തമുണ്ടായത്. മലാഗയിൽ നിന്ന് പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ചത്.
അപകടത്തിൽപ്പെട്ട മലാഗയിൽ നിന്നുള്ള ട്രെയിനിൽ ഏകദേശം 300 യാത്രക്കാർ ഉണ്ടായിരുന്നതായി ട്രെയിൻ ഓപ്പറേറ്റ് ചെയ്ത സ്വകാര്യ കമ്പനിയായ ഇറിയോ അറിയിച്ചു. സംഭവത്തിൽ 73 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ബോഗികൾക്കുള്ളിൽ നിരവധി യാത്രക്കാർ കുടുങ്ങി. സ്‌പെയിൻ രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീഷ്യയും ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അവർ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രതികരിച്ചു. ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.


