കൽപ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പേരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്‌തു. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിൻ്റെ നിർദേശപ്രകാരം എസ് ഐ വിമൽ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി കൗൺസിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ചൈൽഡ് വൈൽഫെയർ കമ്മറ്റി (സി.ഡബ്ല്യു.സി.) യിലേൽപ്പിക്കുകയും ചെയ്‌തു

വീഡിയോ പുറത്ത് വന്ന് പോലീസ് കേസെടുത്തപ്പോൾ നാഫിയെ വീട്ടുകാർ മേപ്പാടി വിംസിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പോലീസ് തന്ത്രപൂർവ്വം ഇവരെ നിരീക്ഷിക്കുകയും ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പൊക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്തവനെന്ന സംശയം ഉള്ളതിനാൽ പയ്യനെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. എന്നാൽ വിശദമായി പരിശോധിച്ചതിൽ നാഫിക്ക് 18 വയസ് കഴിഞ്ഞതായി വ്യക്തമാകുകയായിരുന്നു. നാഫി മറ്റൊരു കുട്ടിയെ മർദിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ട്.

കല്പറ്റ മെസ് ഹൗസ് റോഡിലെ 16 വയസ്സുകാരനാണ് മർദനമേറ്റത്. രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യം ഇവരുടെ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഞെട്ടിപ്പിക്കുന്ന ഈ ദൃശ്യം പുറത്ത് വന്നതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട കല്പറ്റ പോലീസ് മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. എന്നാൽ, മർദനമേറ്റകാര്യം കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. പോലീസ് വിളിച്ചപ്പോഴാണ് രക്ഷിതാക്കളും കാര്യമറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു


