മുള്ളൻകൊല്ലി : കാട്ടുപന്നി നിർമാർജന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പാതിരി വാർഡിൽ ഇന്നു കാടിളക്കി കാട്ടുപന്നി വേട്ട നടത്തും. പഞ്ചായത്തിലെ 12 ഷൂട്ടർമാരുടെയും തിരുവമ്പാടിയിൽ നിന്നെത്തുന്ന പരിശീലനം സിദ്ധിച്ച വേട്ടക്കാരുടെയും വേട്ടനായ്ക്കളുടെയും നേതൃത്വത്തിലാണ് കാട്ടുപന്നി വേട്ട. പാതിരി വാർഡിലെ കൃഷിയിടങ്ങളിലും കാടുമൂടിയ പ്രദേശങ്ങളിലും കാടിളക്കി തിരച്ചിൽ നടത്തും. കഴിഞ്ഞദിവസം സുരഭി വാർഡിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്ന നടപടികളാരംഭിച്ചിരുന്നു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഷൂട്ടർമാരെത്തി കാട്ടു പന്നിവേട്ട നടത്തും. കാട്ടുപന്നിശല്യം ഏറെയുള്ള പാതിരിയിൽ വിവിധ സംഘങ്ങളായി തിരഞ്ഞാണ് വേട്ടനടത്തുക. വേട്ടനായ്ക്കൾ കാടിനുള്ളിലും തിരച്ചിൽ നടത്തി കാട്ടുപന്നികളെ പുറത്തു ചാടിക്കും. കാടിളക്കിയുള്ള കാട്ടു പന്നിവേട്ടയോട് ജനങ്ങൾ സഹകരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അറിയിച്ചു.
മുള്ളൻകൊല്ലിയിൽ ഇന്ന് കാട്ടുപന്നി വേട്ട;ജാഗ്രത പുലർത്തണമെന്ന് അധികൃതർ



