കർണാടകയിൽ മലയാളി നഴ്സ് നദിയിൽ ചാടി ജീവനൊടുക്കി

കർണാടക: ചിക്മഗളൂരു ജില്ലയിൽ മലയാളി നഴ്സ് നദിയിൽ ചാടി ജീവനൊടുക്കി. ശിവമോഗയിലെ നാരായണ ഹൃദയാലയയിൽ നഴ്സായി ജോലി ചെയ്തിരുന്ന മുത്തിനകൊപ്പ സ്വദേശിനി രന്യ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ നരസിംഹരാജപുരയ്ക്ക് സമീപമുള്ള മുഡുബ പാലത്തിൽ നിന്നാണ് രന്യ ഭദ്രാനദിയിലേക്ക് ചാടിയത്.

 

ചൊവ്വാഴ്ച പതിവുപോലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു രന്യ. എന്നാൽ ഉച്ചയോടെ മുഡുബ പാലത്തിലെത്തിയ ഇവർ പെട്ടെന്ന് നദിയിലേക്ക് ചാടുകയായിരുന്നു. പാലത്തിലൂടെ കടന്നുപോയ യാത്രക്കാരും നാട്ടുകാരും യുവതി നദിയിലേക്ക് ചാടുന്നത് കണ്ട് ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് എൻ.ആർ പുര പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെയാണ് കണ്ടെത്താനായത്.

 

12 വർഷം മുമ്പായിരുന്നു രന്യയുടെ വിവാഹം. 2 ചെറിയ കുട്ടികളുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രകടമായ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും ജോലിസ്ഥലത്തും നാട്ടിലും എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു രന്യയെന്നുമാണ് സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നത്. ഉത്തരവാദിത്ത ബോധത്തോടെ നഴ്സിംഗ് ജോലി ചെയ്തിരുന്ന ഇവർ എന്തിനാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല..

 

സംഭവത്തിൽ എൻ.ആർ പുര പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജോലിസ്ഥലത്തെ സമ്മർദ്ദമാണോ അതോ മറ്റെന്തെങ്കിലും കുടുംബ പ്രശ്നങ്ങളാണോ മരണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. രന്യയുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചു വരികയാണെന്നും സഹപ്രവർത്തകരിൽ നിന്ന് മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി..


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *