തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ആഘോഷങ്ങൾ പരിമിതപ്പെടുത്തി ആചാരപരമായ ചടങ്ങുകളോടെ ഇത്തവണത്തെ തൃശൂർ പൂരം നടന്നു. പൂരപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന കുടമാറ്റം വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെറും 15 മിനിറ്റായി ചുരുക്കി. സാധാരണഗതിയിൽ ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കാറുള്ള കുടമാറ്റമാണ്, അപകടത്തിന്റെ 15 മിനിറ്റായി ചുരുക്കിയത്. വൈകിട്ട് ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20-ഓടെ സമാപിച്ചു. ഇത്തവണ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമാണ് നടത്തിയത്.
അതിരാവിലെ കണിമംഗലം ശാസ്‌താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരം ഉണർന്നത്. വലിയാലുക്കൽ കുട്ടിശങ്കരൻ കോലമേറ്റിയ എഴുന്നള്ളിപ്പിന് ജിതിൻ കല്ലാറ്റ് മേളപ്രമാണിയായി. തുടർന്ന് പനമുക്കംപിള്ളി ശാസ്താവ് വടക്കുന്നാഥനിലെത്തി. തെട്ടുപിന്നാലെ പെരുമ്പളം ശരത്തിൻ്റെ മേളപ്രമാണത്തിൽ ഘടകപൂരങ്ങളും പൂരനഗരിയിലെത്തി.

പൂരപ്രേമികൾ ഏറെ കാത്തിരുന്ന ചെമ്പുക്കാവ് ഭഗവതിയുടെ വരവ് ആവേശകരമായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ഇത്തവണ തിടമ്പേറ്റിയത്. പാറമേക്കാവ് അഭിഷേകിന്റെ മേളപ്രമാണത്തിൽ കിഴക്കേ നട വഴി വടക്കുന്നാഥനിലെത്തിയ രാമചന്ദ്രൻ തെക്കേ നടവഴി പുറത്തേക്ക് ഇറങ്ങിയപ്പോൾ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലായി.
ഒൻപത് ആനകളുടെ അകമ്പടിയോടെ പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ മേളപ്രമാണത്തിൽ കാരമുക്ക് ഭഗവതിയും വടക്കുന്നാഥനിലെത്തി. ശങ്കരംകുളങ്ങര ഉദയനാണ് ഇതിന് തിടമ്പേറ്റിയത്. തുടർന്ന് ഒൻപത് ആനകളുടെ അകമ്പടിയോടെ ലാലൂർ ഭഗവതിയും ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളി. പാറമേക്കാവ് അർജുനായിരുന്നു ഇതിന്റെ മേളപ്രമാണി. ഇലഞ്ഞിത്തറ മേളത്തിന് ശേഷമാണ് കുടമാറ്റത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ആഘോഷങ്ങൾ കുറവായെങ്കിലും ആചാരനിഷ്ഠയോടെ ഇത്തവണത്തെ പൂരം പൂർത്തിയായി.


