സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കനത്തെ ചൂടിന് ആശ്വാസമായെത്തുന്ന മഴ വരും ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്. നാളെ മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേ സമയം 12 ജില്ലകളിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.
അടുത്ത 3 മണിക്കൂറിൽ തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലർട്ട്
30/04/2026 : കണ്ണൂർ, കാസറഗോഡ്
01/05/2026 : പത്തനംതിട്ട, ഇടുക്കി, വയനാട്
02/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
നേരിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനം വെന്തുരുകുകയാണ്. ഇന്ന് ഉയർന്ന താപനില ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
പൊതുജനങ്ങൾക്കുള്ള താപനില ജാഗ്രത നിർദ്ദേശങ്ങൾ
സൂര്യതാപം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ എന്നിവ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ക്ലാസ് മുറികളിൽ വായുസഞ്ചാരവും കുടിവെള്ള ലഭ്യതയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണം.


