ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ ഇന്ത്യയിലെ ടിവി പ്രേക്ഷകർ കാണേണ്ടെന്നാണോ? ഇന്ത്യയിലെ ലോക കപ്പ് സംപ്രേഷണ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. വിവിധ കമ്പനികളുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ഫിഫ സംഘം ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ലോക കപ്പ് കിക്കോഫ് മുന്നാഴ്ച മാത്രം അകലെ നിൽക്കെ കരാർ തുക സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്. തുടക്കത്തിൽ 100 ദശലക്ഷം ഡോളർ ആവശ്യപ്പെട്ട ഫിഫ പിന്നീട് 60 ദശലക്ഷത്തിലേക്കും 35 ദശലക്ഷത്തിലേക്കും എത്തിയിരുന്നു.
ഖത്തർ ലോകകപ്പ് സംപ്രേഷണ കരാർ 60 ദശലക്ഷം ഡോളറിന് ഒപ്പിട്ട റിലയൻസ്-ഡിസ്‌നി(ജിയോ സ്റ്റാർ) ഇക്കുറി 20 ദശലക്ഷമാണ് വാഗ്ദാനം ചെയ്തത്. സോണി സ്‌പോർട്‌സ് 2014, 2018 ലോകകപ്പുകളും 2016ലെ യൂറോ ഫുട്‌ബോളും സംപ്രേഷണം ചെയ്യാൻ 2013ൽ കരാർ ഒപ്പിട്ടത് 90 ദശലക്ഷം ഡോളറിന് ആയിരുന്നു. ഇത്തവണ പക്ഷേ, പ്രേക്ഷകർ കുറയുമെന്നാണ് കണക്കുക്കൂട്ടുന്നത്. ആകെയുള്ള 104 മത്സരങ്ങളിൽ 14 എണ്ണം മാത്രമാണ് ഇന്ത്യൻ സമയം അർധരാത്രിയ്ക്കു മുമ്പ് തുടങ്ങുന്നത്. നട്ടപ്പാതിരിയ്ക്കും ഏറെ പുലർച്ചെയും മത്സരം കാണാൻ ഇന്ത്യക്കാർ തയ്യാറാകില്ലെന്നാണ് പൊതുവിലയിരുത്തൽ. അതിനാൽ പരസ്യവരുമാനവും കുറയും.
മാത്രമല്ല, ഇന്ത്യയിൽ ഭൂരിഭാഗം സ്‌പോർട്‌സ് പ്രേമികളും ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആവേശത്തിലാണ്. ഐ.പി.എൽ, കശാലപ്പോരാട്ടം ആകട്ടെ മേയ് 31നാണ്. റിലയൻസ്-ഡിസ്‌നി സഖ്യവുമായുള്ള ചർച്ചകൾ പരാജയപ്പെട്ടപ്പോൾ ദൂരദർശൻ ലോകകപ്പ് സംപ്രേഷണം ചെയ്യുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ വാർത്താ വിതരണ മന്ത്രാലയം ഈ സാധ്യത തള്ളി. 500 കോടി രൂപയാണ് ഫിഫ ആവശ്യപ്പെട്ടതെന്നും ഇത് ദൂരദർശന് താങ്ങാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ദൂരദർശൻ, ഡിഡി സ്‌പോർട്‌സ് ചാനലുകളിലും വേവ്‌സ് പ്ലാറ്റ്‌ഫോമിലും കളികാണാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ.
ഇതിനിടെ പ്രശ്നം ഡൽഹി ഹൈക്കോടതിയിലെത്തി. വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള ഇന്ത്യയും തൊട്ടുപിന്നിലുള്ള ചൈനയും മത്സരം സംപ്രേഷണം ചെയ്യുന്നതിൽ കാട്ടിയ നിസംഗത ഫിഫയ്ക്ക് വെല്ലുവിളി ആയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ചൈനയിലെ പ്രശ്‌നം പരിഹരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ചൈന മീഡിയ ഗ്രൂപ്പ് ആണ് സംപ്രേഷണം ഏറ്റെടുത്തത്.
ലോകകപ്പ് 2026നൊപ്പം 2030ലെ ലോകകപ്പ്, 2027ലെയും 2031ലെയും വനിതാ ലോകകപ്പ് എന്നിവ ചേർത്ത് ഒരു പാക്കേജ് ആയാണ് ചൈന മീഡിയ ഗ്രൂപ്പ് ഫിഫയുമായി കരാർ ഒപ്പിട്ടത്. തുക എത്രയെന്ന് ഇരുകൂട്ടരും പറഞ്ഞിട്ടില്ല. തുക കൂടുതലെന്നു പറഞ്ഞ് ചൈനയും നേരത്തെ സംപ്രേഷണ കരാർ എഴുതാതെ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ലോക കപ്പിന് ഏറ്റവും അധികം പ്രേക്ഷകർ ചൈനയിലായിരുന്നു. ആദ്യ പത്തിൽ ഇന്ത്യയും ഉണ്ടായിരുന്നു.
യൂറോപ്യൻ ടീമുകൾക്ക് ഇന്ത്യയിൽ ആരാധകർ ഏറെയുണ്ട്. എന്നാൽ ആഫ്രിക്കൻ ടീമുകൾക്ക് ഇന്ത്യയിൽ ആരാധകർ കുറവാണ്. മത്സരിക്കുന്ന ടീമുകളെ കണക്കിലെടുത്ത് കളി കാണുന്ന സ്വഭാവമാണ് ഇന്ത്യക്കാർക്ക് പൊതുവേ. പക്ഷേ, കായികലോകം ലോകകപ്പ് ഫുട്‌ബോൾ അവേശം ഏറ്റുവാങ്ങുമ്പോൾ ഇന്ത്യക്കാർക്ക് കളികാണാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമോ? ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ നിരാശരാകേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം.

