അതിഥി തൊഴിലാളികൾ തിരിച്ചെത്തിയില്ല; തൊഴിൽ മേഖല സ്തംഭിച്ചു

കൊച്ചി: വോട്ട് ചെയ്യാൻ നാട്ടിൽപോയ അതിഥി തൊഴിലാളികൾ തിരിച്ചെത്താത്തതിനെ തുടർന്ന് കേരളത്തിലെ തൊഴിൽ മേഖല സ്തംഭനത്തിൽ. സർവമേഖലകളെയും അതിഥി തൊഴിലാളികളുടെ നാട്ടിൽപോക്ക് സാരമായി ബാധിച്ചിരിക്കുകയാണ്. ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തിരിച്ചെത്താത്തതാണ് തിരിച്ചടിയായത്. നിർമാണം, പ്ലൈവുഡ്, ഹോട്ടൽ, പൈനാപ്പിൾ കൃഷി, സ്ക്രാപ്പ്, തടിവ്യവസായം തുടങ്ങിയ മേഖലകളിലൊക്കെ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ്.

 

പാചകവാതക വില വർധനവിൽ നട്ടംതിരിയുന്ന ഹോട്ടൽ മേഖലയ്ക്കാണ് അതിഥി തൊഴിലാളികൾ തിരികെ വരാത്തത് കനത്തപ്രഹരം തീർത്തിരിക്കുന്നത്. ഇരട്ടി വേതനത്തിനു പോലും നാട്ടിൽനിന്ന് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണെന്ന് ഹോട്ടലുടമകൾ പറഞ്ഞു. ടിക്കറ്റ് നിരക്ക് നൽകി തിരിച്ചെത്തിച്ച തൊഴിലാളികളെ കൂടുതൽ കൂലി നൽകി മറ്റു തൊഴിലുടമകൾ തട്ടിയെടുക്കുന്നതായും ഹോട്ടലുടമകൾ പറയുന്നു.

 

അതിനിടെ കാഞ്ഞിരപ്പള്ളിയിൽ സ്ക്രാപ്പ് വ്യാപാരം നടത്തുന്നയാൾ വിമാന ടിക്കറ്റ് എടുത്ത് തരാമെന്ന് പറഞ്ഞിട്ടുപോലും തിരിച്ചെത്താൻ തയാറാകാത്ത തൊഴിലാളിയുമുണ്ട്. വീട് മുതൽ വൻകിട നിർമാണ പ്രവൃത്തികൾ വരെ തൊഴിലാളികളെ കിട്ടാത്തതിനെ തുടർന്ന് നിലച്ചിരിക്കുകയാണ്. മഴയ്ക്കു മുമ്പ് പൂർത്തിയാക്കേണ്ട പല നിർമാണപ്രവൃത്തികളും പാതിവഴിയിലാണ്. വായ്‌പയെടുത്ത് വീട് നിർമിക്കുന്നവരും പ്രതിസന്ധിയിലാണ്. പണി മുടങ്ങിക്കിടക്കുന്ന അവസ്ഥയിലും ബാങ്കിൽനിന്ന് എടുത്ത വായ അടച്ചുതീർക്കാൻ നട്ടംതിരിയുകയാണ് ഇക്കൂട്ടർ. വാടകവീട്ടിൽ അനിശ്ചിതമായി തുടരുന്നതാണ് ഇവരെ ദുരിതത്തിലാക്കുന്നത്.

 

പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികളിലെ ഭൂരിഭാഗം തൊഴിലാളികളും ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നായതിനാൽ ഇവിടങ്ങളിലെ പ്രവർത്തനവും മന്ദഗതിയിലാണ്. ഇവിടങ്ങളിൽനിന്ന് വോട്ട് ചെയ്യാൻ പോയ 90 ശതമാനം തൊഴിലാളികളിൽ 20 ശതമാനം മാത്രമാണ് തിരിച്ചെത്തിയത്. അതിനിടെ പൈനാപ്പിൽ തോട്ടങ്ങളിലെ വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാത്തതിനെ തുടർന്ന് ഇരട്ടിയിലധികം കൂലി നൽകി മറ്റിടങ്ങളിൽനിന്ന് ആളുകളെ റാഞ്ചിക്കൊണ്ടു പോകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. 1500 രൂപ കൂലി ഉറപ്പിച്ച് ഹോട്ടൽ, നിർമാണം മേഖലകളിലേക്ക് കരാറുകാരെത്തിച്ച അതിഥി തൊഴിലാളികളെയാണ് പൈനാപ്പിൾ കർഷകർ 3,500 രൂപ നൽകി തട്ടിയെടുത്തത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *