നെയ്യാറ്റിൻകര: പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികളെ കഠിനതടവിന് ശിക്ഷിച്ചു. ഒന്നാം പ്രതി നെയ്യാറ്റിൻകര കടവട്ടാരം സ്വദേശി അബ്ദുൾ ഗഫൂറിനെ (53) 25 വർഷവും രണ്ടും മൂന്നും പ്രതികളായ മരുതത്തൂർ സ്വദേശി ഭുവനചന്ദ്രൻ (71), കടവട്ടാരം സ്വദേശി ഷാജി (57) എന്നിവരെ 20 വർഷം കഠിനതടവിനുമാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്‌ജി കെ.എം. സുജ ശിക്ഷിച്ചത്.
കുട്ടി ക്ലാസിൽ ശ്രദ്ധിക്കാതായതോടെ അധ്യാപിക ചോദിച്ചപ്പോഴാണ് പീഡനവിവരം മനസ്സിലാക്കിയത്. 2011-ലാണ് കേസിനാസ്പദമായ സംഭവത്തിനു തുടക്കം. ഒന്നാം പ്രതിയാണ് പീഡനത്തിന് തുടക്കമിട്ടത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കളായ മറ്റു പ്രതികൾ പീഡിപ്പിച്ചു.
കുട്ടി അധ്യാപികയോട് വെളിപ്പെടുത്തിയതിനു പിന്നാലെ നെയ്യാറ്റിൻകര പോലീസ് കേസ് എടുത്ത് അന്വേഷിക്കുകയും എസ്.എച്ച്.ഒ.യായ ബി.എസ്. സജിമോൻ, എം. അനിൽകുമാർ എന്നിവർ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എഫ്. വിനോദ്, അഡ്വ. വി.ആർ. മായാദേവി എന്നിവർ ഹാജരായി. മൂന്നു പ്രതികളും കഠിനതടവിനു പുറമേ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷം വീതം തടവ് അനുഭവിക്കണം.

